എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനം ; ചർച്ചയിൽ തീരുമാനമായില്ല
Wednesday, December 4, 2024 2:50 AM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനം സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ പ്രതിനിധികളുമായും കേരള പ്രൈവറ്റ് സ്കൂൾ എയ്ഡഡ് മാനേജേഴ്സ് അസോസിയേഷനുമായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല.
2021 മുതൽ എയ്ഡഡ് സ്കൂൾ മാനേജർമാർ നടത്തിയ സ്ഥിരനിയമന ഉത്തരവുകൾ പിൻവലിക്കണമെന്ന സർക്കുലർ നിലനില്‍ക്കുമെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ ഇറക്കിയതെന്നുമുള്ള നിലപാടാണു മന്ത്രി സ്വീകരിച്ചതെന്നു മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. കെസിബിസി പ്രതിനിധികളുമായും പ്രൈവറ്റ് മാനേജ്മെന്റ് പ്രതിനിധികളുമായും വെവ്വേറെയായിരുന്നു ചർച്ച.
കെസിബിസിയെ പ്രതിനിധീകരിച്ച് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, സെക്രട്ടറി ഫാ.ആന്റണി അറയ്ക്കൽ, മോൺ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ എന്നിവരാണു മന്ത്രിയുമായി ചർച്ച നടത്തിയത്.
മാനേജേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട്, ജനറൽ സെക്രട്ടറി മണി കൊല്ലം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.