ഓടിക്കൊണ്ടിരിക്കേ മരം വീണു നിയന്ത്രണംവിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു
Wednesday, December 4, 2024 2:50 AM IST
ഇരിട്ടി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരംവീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്കു മറിഞ്ഞ് വിദ്യാർഥി മരിച്ചു. അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നി -ബീന ദമ്പതികളുടെ മകൻ ഇമ്മാനുവേലാണ് (21) മരിച്ചത്.
ആനപ്പന്തി-അങ്ങാടിക്കടവ് മെയിൻ റോഡിൽ വഴക്കുണ്ടിൽ ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് അപകടം. തൃശൂരിൽനിന്നു പരീക്ഷയെഴുതി തിരിച്ചുവരികയായിരുന്നു ഇമ്മാനുവേൽ. അപകടം നടന്നതിന് 100 മീറ്റർ അകലെ ഉണങ്ങിയ റബർ മരം പൊടുന്നനെ വാഹനത്തിനു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.
അപ്രതീക്ഷിതമായി മരം വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു നീങ്ങിയ വാഹനം വലിയ തെങ്ങ് ഇടിച്ചുമറിച്ചിട്ട ശേഷം ഏകദേശം 15 അടിയോളം താഴ്ചയിലുള്ള കുളത്തിലേക്കു വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കുളത്തിലെ വെള്ളത്തിലേക്ക് കൂപ്പുകുത്തി വീണ കാറിന്റെ മുൻഭാഗം ചെളിയിൽ അമർന്നത് രക്ഷാപ്രവർത്തനത്തിനു തടസമായി.
ജീപ്പും ജെസിബിയും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് കാർ ഉയർത്തി ഇമ്മാനുവേലിനെ പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിനു വലിയ തടസം സൃഷ്ടിച്ചു.
കാറിൽ ഇമ്മാനുവേൽ മാത്രമായിരുന്ന ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് പരീക്ഷയ്ക്കായി ഇമ്മാനുവേൽ വീട്ടിൽനിന്നു കാറിൽ തൃശൂരിലേക്കു പോയത്. തിങ്കളാഴ്ച പരീക്ഷയ്ക്കു ശേഷം രാത്രിയിൽ വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
പുലർച്ചെ അഞ്ചിന് ഇരിട്ടിയിൽ എത്തിയപ്പോൾ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. തൃശൂർ വടക്കാഞ്ചേരിയിലെ ശ്രീവ്യാസ എൻഎസ്എസ് കോളജിലെ ബിഎ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർഥിയാണ്. തൃശൂരിലെ തന്നെ മറ്റൊരു സ്ഥാപനത്തിൽ വിദേശത്തേക്കു പോകാനായി എൻട്രൻസ് പരീക്ഷയ്ക്കും പഠിക്കുന്നുണ്ടായിരുന്നു.
സഹോദരങ്ങൾ: എലിസബത്ത്, എമിലി. സംസ്കാരം ഇന്നു നാലിന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളിയിൽ.