താത്കാലിക വിസി നിയമനം: ജസ്റ്റീസ് എന്‍. നഗരേഷ് പിന്മാറി
Wednesday, December 4, 2024 2:50 AM IST
കൊച്ചി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് എന്‍. നഗരേഷ് പിന്മാറി.
സര്‍ക്കാര്‍ നല്കിയ പാനല്‍ തള്ളിയാണു ഡോ. സിസാ തോമസ്, ഡോ. കെ. ശിവപ്രസാദ് എന്നിവരെ വിസിമാരായി നിയമിച്ചതെന്നാരോപിച്ച് സര്‍ക്കാര്‍ നല്കിയ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍നിന്നാണ് പിന്മാറിയത്.
ഇരുവരുടെയും നിയമനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം നേരത്തെ മറ്റൊരു സിംഗിള്‍ ബെഞ്ച് നിരസിച്ചിരുന്നു. എന്നാല്‍, ചാന്‍സലര്‍ക്കും വിസിമാര്‍ക്കും അടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് ഉത്തവിട്ടിട്ടുണ്ട്. ഇനി ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും.