അനർഹ ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരേ നടപടിക്ക് തീരുമാനം
Sunday, December 1, 2024 2:22 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ അനർഹമായി വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. സർക്കാർ ജീവനക്കാർ ഉൾപ്പെടെ അനർഹമായി ക്ഷേമപെൻഷനുകൾ വാങ്ങുന്നുവെന്നു കണ്ടെത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
തട്ടിപ്പുകാണിച്ചവർക്കെതിരേ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരേയും നടപടിയുണ്ടാകുമെന്നും യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
മരണപ്പെട്ടവരെ അതത് സമയത്ത് പരിശോധനകൾ നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനും വാർഷിക മസ്റ്ററിംഗ് നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു. ഇതിന് ഫെയ്സ് ഒഥന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തും.
വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിംഗ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവീസിൽ കയറിയ ശേഷം മസ്റ്ററിംഗ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻഷകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. ഏബ്രഹാം, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ വി. സാംബശിവറാവു തുടങ്ങിയവർ പങ്കെടുത്തു.