മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ച 16,736 പേര് പുറത്ത്
Saturday, November 30, 2024 2:03 AM IST
കോഴിക്കോട്: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരുന്നവരെ പട്ടികയില്‍നിന്നു പുറത്താക്കി. 16,736 പേരാണ് നിലവില്‍ പട്ടികയ്ക്കു പുറത്തായത്.
പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡുണ്ടായിരുന്ന 14,472 പേരും, മഞ്ഞ കാര്‍ഡുള്ള(എഎവൈ) 2,264 പേരുമാണു പുറത്തായത്. മുന്‍ഗണനേതര വിഭാഗത്തില്‍നിന്നു മഞ്ഞയിലേക്ക് 3,028 കാര്‍ഡുകളും പിങ്കിലേക്ക് 32923 കാര്‍ഡുകളും മാറ്റിയിട്ടുണ്ട്.
2021 ജൂണ്‍ ഒന്നും മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സ്വമേധയാ കാര്‍ഡ് സറണ്ടര്‍ ചെയ്തവരും പരിശോധനയിലൂടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയവരും ഈ കൂട്ടത്തിലുണ്ട്.
തുടര്‍ച്ചയായി മൂന്നു മാസമോ അതിലധികമോ റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണു സിവില്‍ സപ്ലൈസ് വകുപ്പ് ഇവരെ മുന്‍ഗണനേതര (നോണ്‍ സബ്സിഡി ) വിഭാഗത്തിലേക്കു മാറ്റിയത്.
റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തി അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. അര്‍ഹരല്ലാത്ത നിരവധി പേര് മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയാണു നടക്കുന്നത്.