കോട്ടയ്ക്കൽ നഗരസഭ പരിശോധന തുടങ്ങി
Sunday, December 1, 2024 2:22 AM IST
മലപ്പുറം: കോട്ടയ്ക്കല്‍ നഗരസഭയിലെ ക്ഷേമപെന്ഷന് വിതരണം വിവാദമായതോടെ നടപടികളിലേക്കു കടന്ന് നഗരസഭ. നഗരസഭാ ഭരണസമിതിയുടെ നിര്‍ദേശപ്രകാരം സെക്രട്ടറി അന്വേഷണം തുടങ്ങി. അനര്‍ഹരെന്ന് 2021ല്‍ ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ടു കണ്ട് പരിശോധിക്കും.
ക്ഷേമപെന്ഷന് കൈപ്പറ്റിയവരുടെ ഫിസിക്കല്‍ വെരിഫിക്കേഷനാണ് ഇന്നലെ നടത്തിയത്. റവന്യു എന്‍ജിനിയറിംഗ് വിഭാഗം, പെന്ഷന് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് വിശദമായി പരിശോധന നടത്തുന്നത്. റേഷന്‍ കാര്‍ഡ് അടക്കം പരിശോധിക്കുന്നുണ്ട്.
ഓരോ വീടും കയറിയിറങ്ങിയാണ് പരിശോധന നടത്തുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനീഷ പറഞ്ഞു. അതേസമയം, ക്രമക്കേട് നടന്നതായി ഇതുവരെ ധനകാര്യവകുപ്പിന്റെ ഔദ്യോഗിക കത്തുകളൊന്നും നഗരസഭയ്ക്കു ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
2021ല്‍ ഫിനാന്‍സ് സ്ക്വാഡിന് പരാതി പോയതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ അന്വേഷണം നടന്നിരുന്നു. അന്ന് നഗരസഭയില്‍ പെന്ഷന് വാങ്ങുന്നവരില്‍ 63 പേര് അനര്‍ഹരായിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 28 പേരുടെ പെന്ഷന് അക്കാലത്ത് സസ്പെന്‍ഡ് ചെയ്തതായി ഡോ. ഹനീഷ പറഞ്ഞു. ബാക്കി പരാതികള്‍ വിശദമായി അന്വേഷിച്ചുവരികയാണ്.
ഏഴാം വാര്‍ഡിലെ 48 പെന്‍ഷന്‍കാരില്‍ 38 പേരും അനര്‍ഹര്‍ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അനര്ഹരെക്കുറിച്ച് കൃത്യമായി പരിശോധന നടത്തും. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ധനകാര്യവകുപ്പില്‍നിന്ന് നിര്‍ദേശം വരുന്നതിനു മുമ്പാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോട്ടയ്ക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡില്‍ ആണ് സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണു കണ്ടെത്തല്‍.