ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിനു ശിപാർശ
Saturday, November 30, 2024 2:03 AM IST
തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ അടക്കം വിജിലൻസ് അന്വേഷണത്തിനു ധനവകുപ്പ് ശിപാർശ.
ധനകാര്യ പരിശോധനാ വിഭാഗം വൻ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ കോട്ടയ്ക്കൽ നഗരസഭയിലെ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേയാണ് വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകിയത്.
ക്രമക്കേടു കണ്ടെത്തുന്ന സാഹചര്യത്തിൽ വിജിലൻസ് പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കാനും ആലോചനയുണ്ട്. അർഹതയില്ലാതെ സർക്കാർ പണവും ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നവർക്കെതിരേ ക്രിമിനൽ കേസ് ചുമത്തി, സ്വത്തു കണ്ടുകെട്ടണമെന്ന വിജിലൻസ് ശിപാർശ വൈകാതെ സർക്കാരിനു സമർപ്പിക്കും.
അറിയാതെയും ബോധപൂർവമല്ലാതെയും അർഹതയില്ലാത്ത സർക്കാർ സൗജന്യങ്ങൾ സ്വീകരിച്ചവരിൽനിന്നാണ് പിഴപ്പലിശ സഹിതം തുക ഈടാക്കാൻ വ്യവസ്ഥയുള്ളത്. എന്നാൽ, എല്ലാ വർഷവും മസ്റ്ററിംഗ് നടത്തി ബോധപൂർവം സർക്കാർ പണം തട്ടിയെടുത്തവർക്കെതിരേ പുതിയ നിയമപ്രകാരമുള്ള ശിക്ഷാ നടപടികളാണു സ്വീകരിക്കേണ്ടത്.
ഇപ്പോൾ കണ്ടെത്തിയ ക്രമക്കേടു പ്രകാരം കോട്ടയ്ക്കൽ നഗരസഭയ്ക്ക് എതിരേ മാത്രം വിജിലൻസ് അന്വേഷണം നടത്തുന്നതിൽ നിയമപ്രശ്നങ്ങളുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പു നടക്കുന്നതായാണ് വിജിലൻസ് രഹസ്യപരിശോധനയിൽ കണ്ടെത്തിയത്. പരിശോധനാ റിപ്പോർട്ട് അടക്കമുള്ള വിവരങ്ങൾ വിജിലൻസ് സർക്കാരിനു കൈമാറുമെന്നാണു സൂചന.
നടപടി ഓരോ മാസവും വിലയിരുത്തും
തിരുവനന്തപുരം: ക്ഷേമപെൻഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടു കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്താൻ ധനവകുപ്പ് നിർദേശം.
ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച വിലയിരുത്തൽ നടത്തണമെന്ന് ധനവകുപ്പ് നിർദേശം നൽകും.