നവജാതശിശുവിന്റെ ആരോഗ്യ വൈകല്യം: വിദഗ്ധ സംഘം തെളിവെടുപ്പ് നടത്തി
Saturday, November 30, 2024 1:18 AM IST
അമ്പലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം നവജാത ശിശുവിന് ഗുരുതരമായ ആരോഗ്യ വൈകല്യങ്ങളുണ്ടായെന്ന പരാതിയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം തെളിവെടുപ്പ് നടത്തി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പരിശോധനാസംഘം പറഞ്ഞു.
കുട്ടിക്ക് ആവശ്യമായ ചികിത്സയും മറ്റ് പരിശോധനകളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നൽകാനുള്ള നടപടികളെടുത്തു. എക്കൊ, സ്കാനിംഗ് തുടങ്ങിയ പരിശോധനകള്‍ യഥാസമയം ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.
ആരോഗ്യ വകുപ്പ് പരിശോധനാസംഘത്തിന്റെ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമൊ എന്ന് നിശ്ചയിക്കുന്നത്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.