തടവുകാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്കു കഴിയണം: മുഖ്യമന്ത്രി
Sunday, December 1, 2024 1:42 AM IST
തിരുവനന്തപുരം: ജയിലിലെ തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജയിൽ ഉപദേശകസമിതിയുടെ പ്രഥമ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശാരീരിക മർദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മർദം എന്നിവ ജയിലിനുള്ളിൽ ഉണ്ടാകാൻ പാടില്ല. ജയിൽ മോചിതരാകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനവും അവർക്ക് നേരിടേണ്ടി വരരുത്.
വീഡിയോ കോണ്‍ഫറൻസിംഗ് സൗകര്യം കോടതികളിലെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനു സഹായകരമായി. അന്തേവാസികളുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള സാഹചര്യങ്ങൾ വിപുലമാക്കും.
കൂടാതെ അന്തേവാസികൾക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, ആരോഗ്യസുരക്ഷ, നിയമസഹായം, കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കുന്നതിന് പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള പദ്ധതികൾ വിഭാവനം ചെയ്യും. ജയിൽ അന്തേവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കും.
ജയിൽ മോചിതരാകുന്പോൾ അനാഥരാവുകയോ രോഗാവസ്ഥ മൂലം ആരും ഏറ്റെടുക്കാതെ വരികയോ ചെയ്യുന്നവർക്കായി ട്രാൻസിറ്റ് ക്യാന്പുകൾ ആരംഭിക്കാനാകണം.
ജയിൽ ടൂറിസം പദ്ധതിയും മ്യൂസിയം ക്യൂറേഷനും കാലാനുവർത്തിയായ ആലോചനകളിൽ ഉൾപ്പെടുത്തണം. ഇത്തരം നിർദേശങ്ങൾ സമിതി വിശദമായി ചർച്ച ചെയ്യണം. അവ നടപ്പാക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ചയും തീരുമാനവും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.