സമയത്തിനുള്ളിൽ സേവനം നൽകിയില്ലെങ്കിലും അഴിമതി: മന്ത്രി പി. രാജീവ്
Sunday, December 1, 2024 1:42 AM IST
കൊച്ചി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ അതും അഴിമതിയുടെ പരിധിയില്‍ വരുമെന്നു മന്ത്രി പി. രാജീവ്. സേവനത്തിന്റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്റെ സമയം പരിഗണിച്ചാണ്. അത് ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മീഷന് നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന വിവരാവകാശ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കുസാറ്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കണം. ഏതു നിയമവും ആദ്യം മനസിലാകേണ്ടത് ജനങ്ങള്‍ക്കാണ്.
മുന്നിലെത്തുന്ന പ്രശ്നങ്ങൾ മനസിലാക്കി വസ്തുതയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. വിവരാവകാശത്തിന്റെ ശരിയായ വിനിയോഗം ജനാധിപത്യം കൂടുതല്‍ പക്വമായി തീരുന്നു എന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം വിഷയം അവതരിപ്പിച്ചു. കമ്മീഷണര്‍മാരായ ഡോ. കെ.എം. ദിലീപ്, ഡോ. സോണിച്ചന്‍ പി. ജോസഫ്, അഡ്വ. ടി.കെ. രാമകൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു.