1981.04 ഹെക്ടറിൽ കുടുംബശ്രീയുടെ ശീതകാല പച്ചക്കറികൃഷി
Sunday, December 1, 2024 1:42 AM IST
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഹരിതസമൃദ്ധി’ ശീതകാല പച്ചക്കറി കൃഷി നിലവിൽ 1981.04 ഹെക്ടറിൽ വ്യാപിപ്പിച്ചു.
പ്രാദേശികതലത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം കർഷകരുടെ വരുമാന വർധനവും പോഷകാഹാര ലഭ്യതയും ഇതിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നു. ജനുവരി വരെയാണ് കാന്പയിൻ.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 6,073 വാർഡുകളിൽ ശീതകാല പച്ചക്കറി കൃഷി സജീവമാണ്.
കാരറ്റ്, മുള്ളങ്കി, കോളിഫ്ളവർ, കാബേജ് തുടങ്ങിയ ശീതകാല വിളകൾക്കൊപ്പം വിവിധ വെള്ളരിവർഗങ്ങൾ, പയർ, വെണ്ട, തക്കാളി, വഴുതന, ചീര, മുളക്, തണ്ണിമത്തൻ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 14,977 വനിതാ കർഷക സംഘങ്ങളിലായി 68,474 വനിതകൾ ശീതകാല പച്ചക്കറി കൃഷി നടത്തുന്നു.
വിളവെടുക്കുന്ന കാർഷികോത്പന്നങ്ങൾ കുടുംബശ്രീയുടെ തന്നെ നാട്ടുചന്ത, അഗ്രി കിയോസ്കുകൾ, വിവിധ മേളകൾ എന്നിവ വഴിയാകും വിറ്റഴിക്കുക. കൂടാതെ ഉപഭോക്താക്കൾക്ക് നേരിട്ടും വിപണനം നടത്തുമെന്ന് കുടുംബശ്രീ അറിയിച്ചു.