വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളും സുരക്ഷിതർ
Saturday, November 30, 2024 1:18 AM IST
കോതമംഗലം: കുട്ടന്പുഴ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി സുരക്ഷിതരായി വീടുകളിൽ എത്തിച്ചു. കാണാതായ പശുവിനെ തെരഞ്ഞ് വ്യാഴാഴ്ച രാവിലെ വനത്തിലേക്കു പോയ മൂവരെയും ഇന്നലെ പുലർച്ചെ തെരച്ചിൽ സംഘം വനത്തിൽ അറയ്ക്കമുത്തി ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. അട്ടിക്കളത്തുനിന്ന് ഏകദേശം ആറു കിലോമീറ്റർ ദൂരെയാണ് അറയ്ക്കമുത്തി.
അട്ടിക്കളം പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരാണ് വ്യാഴാഴ്ച ഉൾവനത്തിൽ അകപ്പെട്ടത്. മായയുടെ പശുവിനെ തെരഞ്ഞായിരുന്നു മൂവരും വനത്തിൽ കയറിയത്. കാട്ടാനക്കൂട്ടം ഓടിച്ച് കൂടുതൽ ഉൾവനത്തിലേക്ക് ഓടിമാറേണ്ടി വരികയായിരുന്നു.
ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ റേഞ്ചും ബാറ്ററിചാർജും ഇല്ലാതായതോടെ വനത്തിൽനിന്ന് പുറത്തുകടക്കുക എളുപ്പമല്ലെന്നു മനസിലായ മൂവരും കാട്ടാന സാന്നിധ്യം തിരിച്ചറിഞ്ഞ് സുരക്ഷിതരായി വലിയ പാറയുടെ മുകളിൽ നിലയുറപ്പിക്കുകയായിരുന്നു.
രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പ്രാർഥിക്കുകയായിരുന്നുവെന്നും പാറയ്ക്കു ചുറ്റും കാട്ടാനക്കൂട്ടം ഉണ്ടായിരുന്നുവെന്നും തിരിച്ചെത്തിയ മൂവരും പറഞ്ഞു.
ഇന്നലെ പുലർച്ചെ തിരിച്ചിറങ്ങി വരുന്നതിനിടെയാണു തെരച്ചിൽ സംഘം മൂവരെയും കണ്ടെത്തിയത്. വനപാലകരും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു സംഘങ്ങളായി തിരിഞ്ഞാണ് വ്യാഴാഴ്ച രാത്രി മുഴുവനും തെരച്ചിൽ നടത്തിയത്.
സേർച്ച് ലൈറ്റുകളുടെ പ്രകാശം കുറയുകയും ക്ഷീണിതരാകുകയും ചെയ്തതോടെ തെരച്ചിൽ സംഘം പുലച്ചെ മൂന്നോടെ ഒരു പാറയിൽ കാട്ടാനക്കൂട്ടം അടുക്കാതെ വിറക് കൂട്ടി തീയിട്ട് വിശ്രമിച്ചിരുന്നു. ഇതു സ്ത്രീകൾ നിലയുറപ്പിച്ചിരുന്നതിന് 300 മീറ്ററോളം സമീപത്തായിരുന്നു. കൂവി വിളിക്കുകയും ഗുണ്ട് പൊട്ടിക്കുകയും ചെയ്തെങ്കിലും രക്ഷാപ്രവർത്തകരാണെന്നു തിരിച്ചറിയാത്തതിനാൽ മൂവരും ആദ്യം പ്രതികരിച്ചിരുന്നില്ല.
ബുധനാഴ്ച മുതൽ കാണാതായ പശു വ്യാഴാഴ്ച വൈകുന്നേരത്തോടെ തനിയെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. കാണാതായ പശുവിനെ അന്വേഷിച്ചാണു വ്യാഴാഴ്ച രാവിലെ മൂവരും ചേർന്ന് വനത്തിലേക്കു പോയത്. വൈകുന്നേരം അഞ്ചുവരെ ഇവരെ ഫോണിൽ കിട്ടിയിരുന്നു.
അവസാനം ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ വഴിതെറ്റി അലയുകയാണെന്നും മൃഗങ്ങൾക്കു വെള്ളം കുടിക്കാൻ നിർമിച്ചിട്ടുള്ള ചെക്ക്ഡാമിനു സമീപത്തുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. തുടർന്ന് ഫോണ്ബന്ധം നിലച്ചു. ഇതേത്തുടർന്നാണ് വിവരം അറിഞ്ഞെത്തിയ വനപാലകരും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു തെരച്ചിൽ ആരംഭിച്ചത്.
തിരിച്ചെത്തിച്ച മൂവരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി ആരോഗ്യസ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി.