പറവ ഫിലിംസില്‍ 60 കോടിയുടെ നികുതിവെട്ടിപ്പ്
Saturday, November 30, 2024 2:03 AM IST
കൊച്ചി: സിനിമാ നിര്‍മാണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന് സൗബിന് ഷാഹിറിന്റെ പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പെന്നു പ്രാഥമിക കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം കണ്ടെത്താനും മറ്റു വിശദമായ അന്വേഷണത്തിനുമായി സൗബിന് ഷാഹിറിനെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും.
"മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് 60 കോടിയുടെ നികുതി വെട്ടിപ്പ് പറവ ഫിലിംസില്‍ കണ്ടെത്തിയത്. ഒറ്റ സിനിമയില്‍നിന്നു മാത്രം 148 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കിയതായി സിനിമാ നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് പറവ ഫിലിംസ് വ്യക്തമായ റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നില്ല.
"മഞ്ഞുമ്മല്‍ ബോയ്സി’ന്റെ ലാഭത്തിനനുസരിച്ച് 44 കോടി രൂപ ആദായനികുതി അടയ്ക്കേണ്ടത് അടച്ചിട്ടില്ലെന്നും ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു. 32 കോടി രൂപ ചെലവ് കാണിച്ചു. ഇതു കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായനികുതി വകുപ്പ്.
വ്യാഴാഴ്ച സൗബിന്റെ ഉടമസ്ഥതയിലുളള ഏഴു സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നിര്‍മാണസ്ഥാപനമായ എസ്ആര്‍എം റോഡിലെ പറവ ഫിലിംസ്, വിതരണസ്ഥാപനമായ പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവയുടെ ഓഫീസുകളിലും സൗബിന്റെ വീട്ടിലും ഉള്‍പ്പെടെയാണു റെയ്ഡ് നടന്നത്.
റെയ്ഡ് ഇന്നലെയും തുടര്‍ന്നു. "മഞ്ഞുമ്മല്‍ ബോയ്സ്’സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തുടര്‍ന്നാണ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്.
പറവ ഫിലിംസ് യഥാര്‍ഥ വരുമാനക്കണക്കുകള്‍ നല്‍കിയില്ലെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ പറയുന്നു. പണത്തിന്റെ ഉറവിടമടക്കം പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.