കാസര്‍ഗോട്ടുനിന്നു ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക്
Saturday, November 30, 2024 1:18 AM IST
കാസര്‍ഗോഡ്: ഇന്ത്യക്ക് അഭിമാനമായി ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍ഗോട്ടുകാരി. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായാണ് മുന ഷംസുദ്ദീന് നിയമിതയായത്.
ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണു കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.
ബ്രിട്ടനിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍നിന്നു മാത്തമാറ്റിക്സ് ആന്‍ഡ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലെമില്‍ കോണ്‍സുലേറ്റ് ജനറലായും പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ആയും പ്രവര്‍ത്തിച്ചു.
യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡ് ആണ് ഭര്‍ത്താവ്. ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.
തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന.
കാസര്‍ഗോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹമ്മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീന്.
യുഎസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ചശേഷം തിരികെ ബ്രിട്ടനിലെത്തി കുടുംബസമ്മേതം ബര്‍മിംഗ്ഹാമിലായിരുന്നു താമസം. പത്തുവര്‍ഷം മുമ്പാണ് മുന കാസര്‍ഗോട്ട് എത്തിയത്.