ഡോ. സിസ തോമസിന്റെ നിയമനത്തിന് സ്റ്റേയില്ല
Saturday, November 30, 2024 2:03 AM IST
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയായി ഡോ. സിസ തോമസിനെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ നിയമിച്ച നടപടിക്കു സ്റ്റേയില്ല. നിയമനം റദ്ദാക്കണമെന്ന ഹർജിയില്‍ ഉന്നയിച്ച ഇടക്കാല ആവശ്യമാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് നിരസിച്ചത്.
ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയായി ഡോ. സിസയെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സര്‍ക്കാരിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഗവര്‍ണര്‍ക്കും സിസ തോമസിനും നോട്ടീസ് അയയ്ക്കാനും ഉത്തരവായി.
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനെതിരേ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്കിയ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാന്‍ മാറ്റി. സജി ഗോപിനാഥ് വിസി പദവി ഒഴിഞ്ഞ് ഒരുമാസം പിന്നിട്ട ശേഷമാണ് കഴിഞ്ഞദിവസം ഡോ. സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത്.
സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) താത്കാലിക വൈസ് ചാന്‍സലറായി ഡോ. കെ. ശിവപ്രസാദിനെ നിയമിച്ചതിനെതിരേ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലും കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.