മാക്കൂട്ടം ചുരം റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു
Sunday, December 1, 2024 1:42 AM IST
ഇരിട്ടി: മാക്കുട്ടം ചുരം റോഡിൽ ചെക്ക് പോസ്റ്റിനു സമീപം പാലത്തിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ജാർഖണ്ഡ് സ്വദേശി ബുദ്ധരാം (45) ആണ് മരിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവർ തെലുങ്കാന സ്വദേശി നാഗേശ്വർ റാവു (30), ജാർഖണ്ഡ് സ്വദേശികളായ രാജേന്ദർ (24), ജയമംഗൽ ഓറൺ (25), ആകാശ് ഓറൺ (17), സുരേഷ് (22) എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രയിൽ പ്രഥമശുശ്രൂഷ നൽകിയശഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് കേബിൾ ജോലിയുമായി ബന്ധപ്പെട്ട സാമഗ്രികൾ കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറക്കത്തിനിടയിൽ നിയന്ത്രണം വിട്ടതാകാം അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.
ബുദ്ധരാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശബ്ദം കേട്ട് സമീപത്തെ വ്യാപാരികളും കർണാടക പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് ആദ്യം സ്ഥലത്ത് ഓടിയെത്തിയത് . ലോറിയുടെ കാബിൻ പൂർണമായും തകർന്നിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും വ്യാപാരികളും യാത്രക്കാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
അപകടത്തിൽപ്പെട്ട ലോറിയുടെ പൂർണമായും തകർന്ന കാബിനിൽ നിന്ന് അഞ്ചുപേരെയും പുറത്തേക്ക് എത്തിച്ചത് ഡ്രൈവർ നാഗേശ്വർറാവു തന്നെയാണ്. ആളുകൾ ഓടിക്കൂടിയെങ്കിലും തകർന്ന കാബിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയില്ലായിരുന്നു. റോഡിലേക്ക് മറിഞ്ഞ വാഹനം സമീപത്തെ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.
അഞ്ചുമീറ്റർ കൂടി വാഹനം മുന്നോട്ട് നീങ്ങിയിരുന്നുവെങ്കിൽ 50 അടിയിലേറെ താഴ്ചയിൽ പുഴയിലേക്കാണ് പതിക്കുക. ഭാരമേറിയ യന്ത്രവുമായി വന്ന വാഹനം ചുരം ഇറങ്ങിയ ശേഷം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവർ അഞ്ചുപേരും മെഷീൻ ഓപ്പറേറ്റർമാരാണ്. പാടെ തകർന്ന ലോറിയുടെ കാബിനിൽ നിന്നും അദ്ഭുതകരമായാണ് അഞ്ചുപേർ രക്ഷപ്പെട്ടത്.
കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള മാക്കൂട്ടം ചുരം പാത പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. അപകടം നടന്ന സ്ഥലത്തും പാലത്തിലേക്ക് പ്രവേശിക്കുന്ന വളവിലും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഭാരക്കൂടുതൽ കാരണം മറിഞ്ഞ് പാലത്തിന്റെ സംരക്ഷ ഭിത്തിയിൽ ഇടിച്ചാണു നിന്നത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ എതിർവശത്തും മുന്നിലും മറ്റു വാഹനങ്ങളൊന്നും ഇല്ലാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്.