വീണ്ടും വെർച്വൽ അറസ്റ്റ്: തലശേരി സ്വദേശിനിക്ക് നഷ്ടമായത് 18 ലക്ഷം
Sunday, December 1, 2024 1:42 AM IST
കണ്ണൂർ: സിബിഐ ഓഫീസറാണെന്ന് പറഞ്ഞ് വാട്സാപ്പ് കോളിൽ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ കെണിയിൽവീണ തലശേരി സ്വദേശിനിയുടെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ 26ന് ടെലികോം റഗുലേറ്ററി ഓഫീസിൽനിന്ന് സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു കോൾ ലഭിച്ചത്.
മനുഷ്യക്കടത്ത്, അവയവ കടത്ത് എന്നിവ സംബന്ധിച്ച് സിബിഐ കേസെടുത്തിട്ടുണ്ടെന്നും വെർച്വൽ അറസ്റ്റിലാണെന്നും വ്യാജ സിബിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. കേസ് ഇല്ലാതാക്കാൻ 18 ലക്ഷം രൂപ അയയ്ക്കണമെന്നും നിർദേശിച്ചു. പണം അയക്കേണ്ട അക്കൗണ്ട് നന്പറും നൽകി.
ഇതു പ്രകാരം 27ന് തലശേരി സ്വദേശി കണ്ണൂർ യൂക്കോ ബാങ്കിലെത്തി പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല.
ഇതോടെയാണ് തട്ടിപ്പിനിരയായതെന്നറിയുന്നത്. ഇതോടെ യുവതി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. കണ്ണൂർ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.