വോട്ടിനു ഗുഡ്വിൽ പ്രചാരണം; പിആർ വർക്ക് ഉഷാറാക്കി സർക്കാർ
Sunday, December 1, 2024 1:43 AM IST
തൃശൂർ: സർക്കാർ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ വിവിധ വകുപ്പുകളോടു പിആർ വർക്ക് ഉഷാറാക്കാൻ നിർദേശിച്ച് സർക്കാർ. ജനങ്ങളുമായി നിരന്തരം സന്പർക്കമുള്ള വകുപ്പുകളുടെ നേട്ടങ്ങൾ ജനങ്ങളെ അറിയിച്ച് ഇടതു സർക്കാരിന്റെ ജനപ്രീതി കൂട്ടുകയാണു ലക്ഷ്യം.
സിപിഎം ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ ഉയർന്നുവന്ന അഭിപ്രായത്തെത്തുടർന്നാണ് സർക്കാർ നിർദേശം. എന്നാൽ, ഇതുസംബന്ധിച്ചു രേഖകളോ ഉത്തരവുകളോ പുറത്തുവിട്ടിട്ടില്ല.
വകുപ്പുതലവന്മാർക്കു ലഭിച്ച നിർദേശം താഴേക്കിടയിലേക്കു കൈമാറുകയായിരുന്നു. അക്ഷരംപ്രതി അനുസരിച്ച് ആരോഗ്യം, ആഭ്യന്തരം, റവന്യു, കൃഷി വകുപ്പുകളാണു സേവനങ്ങളെക്കാൾ പിആർ വർക്കിൽ മുൻപന്തിയിലുള്ളത്.
പത്രമാധ്യമങ്ങളിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയും നേട്ടങ്ങൾ പരസ്യപ്പെടുത്താനാണ് വകുപ്പു മേധാവികളോടു പറഞ്ഞിട്ടുള്ളത്. ആദ്യപടിയായി മെഡിക്കൽ കോളജുകളടക്കമുള്ള ആശുപത്രികളുടെ ചികിത്സാമികവുകൾ, പോലീസിന്റെ ജനസന്പർക്കപരിപാടികൾ, അന്വേഷണനേട്ടങ്ങൾ, റവന്യു വകുപ്പിന്റെ പട്ടയവിതരണം, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിച്ചുതുടങ്ങി.
സർക്കാരിന്റെ പ്രീതി കൂട്ടാൻ ക്ഷേമ പെൻഷൻ, റേഷൻ ആനുകൂല്യങ്ങൾ, ചികിത്സാസഹായങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ അനധികൃതമായി കൈപ്പറ്റിയവരെ ക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനും ധാരണയുണ്ട്. ഇത്തരം പിഴവുകൾ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ പാർട്ടിക്കാരുടെ ഇടപെടലിലൂടെയും പിൻവാതിൽനിയമനങ്ങളിലൂടെയും സംഭവിച്ചതാണെങ്കിലും ഉദ്യോഗസ്ഥരെ പഴിചാരി മുഖംമിനുക്കുകയെന്ന രാഷ്ട്രീയ തന്ത്രവും പയറ്റുകയാണ്.
നിർബന്ധമായും ചെയ്തിരിക്കേണ്ട സേവനങ്ങൾപോലും സർക്കാരിന്റെ ഔദാര്യമായി കാണിക്കുന്ന തരത്തിലുള്ള പോസ്റ്റർ പരസ്യങ്ങളാണ് മാധ്യമങ്ങളിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത്.
ഇത്തരം പോസ്റ്റുകൾ പാർട്ടി പ്രവർത്തകരും സൈബർ പോരാളികളും ഏറ്റെടുത്തു ഷെയർ ചെയ്തു പ്രചാരണങ്ങൾ കൊഴുപ്പിക്കും. മറ്റു രാഷ്ട്രീയപാർട്ടികൾ സർക്കാർവിരുദ്ധവികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സർക്കാർ സ്ഥാപനങ്ങളെ മുതലെടുത്തുകൊണ്ടുള്ള ഇടതുസർക്കാരിന്റെ ഗുഡ്വിൽ പ്രചാരണം.