എരഞ്ഞിപ്പാലം കൊലപാതകം; കാരണം പൂര്‍വ വൈരാഗ്യം
Sunday, December 1, 2024 1:43 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് മലപ്പുറം സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയതിനു കാരണം പൂര്വവൈരാഗ്യമെന്നു പോലീസ്.
കൊല്ലപ്പെട്ട മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല ഒറ്റപ്പാലം പോലീസിൽ നേരത്തെ നൽകിയ പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രതി അബ്ദുൾ സനൂഫ് പോലീസിന് മൊഴി നല്കി. എന്നാൽ, അവർ വഴങ്ങിയില്ല. അതിനു പ്രതികാരമായാണ് കൊല നടത്തിയതെന്നും ആസൂത്രിതമായി യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ലോഡ്ജ് മുറിയില്‍ തര്‍ക്കമുണ്ടാകുകയും ഫസീല ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.തുടര്‍ന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അന്നുതന്നെ ലോഡ്ജില്‍നിന്നു പാലക്കാട്ടേക്കും തുടര്‍ന്ന് ചെന്നൈയിലേക്കും രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നല്കി. ഒറ്റപ്പാലം പോലീസിൽ ഫസീല പരാതി നൽകിയതിനെത്തുടർന്ന് അബ്ദുൾ സനൂഫ് ജയിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ 24ന് ഫസീലയുമായി ലോഡ്ജിൽ മുറിയെടുത്തു. 25ന് രാത്രി കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.