വാര്‍ഡ് വിഭജനം: ഹര്‍ജിയില്‍ വിശദീകരണം തേടി
Sunday, December 1, 2024 1:42 AM IST
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം, വോട്ടര്‍ പട്ടികപ്രകാരമുള്ള ജനസംഖ്യ കണക്കാക്കി വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സെന്‍സസ് കമ്മീഷണറുടെയുമാണ് വിശദീകരണം തേടിയത്. എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിനോജ്കുമാറടക്കം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ നടപടി.
സംസ്ഥാനത്തെ വാര്‍ഡ് വിഭജന നടപടികള്‍ ഇപ്പോള്‍ 2011ലെ ജനസംഖ്യാ കണക്കെടുപ്പ് ആധാരമാക്കിയാണ്. തുടര്‍ന്നുള്ള 13 വര്‍ഷം ജനസംഖ്യയില്‍ ഗണ്യമായ മാറ്റമുണ്ടായെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതു വിലയിരുത്താനായി ഔദ്യോഗികമായി അവലംബിച്ചിരിക്കുന്ന രീതി അശാസ്ത്രീയമാണ്.
വാര്‍ഡിലെ പാര്‍പ്പിടങ്ങളുടെ എണ്ണത്തെ കുടുംബാംഗങ്ങളുടെ ശരാശരി എണ്ണവുമായി ഗുണിച്ചാണ് ജനസംഖ്യ തിട്ടപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് കഠിനംകുളം പഞ്ചായത്ത് 10ാം വാര്‍ഡില്‍ 2011ലെ സെന്‍സസ് പ്രകാരം 1937പേരാണ്. കെട്ടിടങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പുതിയ കണക്ക് 3567 ആണ്.
അതായത് 2011നെ അപേക്ഷിച്ച് 85 ശതമാനം കൂടുതല്‍. ഇത് പെരുപ്പിച്ച കണക്കാണെന്നും വാര്‍ഡിലെ ഫ്ളാറ്റുകളടക്കമുള്ള പാര്‍പ്പിടങ്ങളില്‍ 60 ശതമാനം ഇതര ജില്ലക്കാരും ഇതര സംസ്ഥാനക്കാരുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.