അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് : പ്രത്യേക പ്ലാന്റിന് ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി
Sunday, December 1, 2024 1:42 AM IST
കൊച്ചി: 2019ന് മുമ്പ് നിര്‍മിച്ച വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ പ്രത്യേക പ്ലാന്റ് നിർമിക്കുന്നതിന് ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഗതാഗത വകുപ്പ് ജൂലൈ 30ന് ഇറക്കിയ ഉത്തരവാണ് ജസ്റ്റീസ് ദിനേശ്കുമാര്‍ സിംഗ് റദ്ദാക്കിയത്.
സര്‍ക്കാരിന്റെ ഈ ഉത്തരവ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാകാതിരിക്കാനുള്ള തന്ത്രമാണെന്നും കോടതി വിമര്‍ശിച്ചു. അംഗീകൃത നിര്മാതാക്കളില്നിന്നും ഡീലര്‍മാരില്‍നിന്നും സുതാര്യമായി ടെന്‍ഡര്‍ വിളിച്ച് പദ്ധതി നടപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് നിർദേശിച്ചു.
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍മാതാക്കളായ മലപ്പുറത്തെ ഓര്‍ബിസ് ഓട്ടോമോട്ടീവ്സ് അടക്കം നല്കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്.
കേന്ദ്ര ഏജന്‍സികളുടെ ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മിക്കാനും ഘടിപ്പിച്ച് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. ഇതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി.
പഴയ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിനായി എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ലാന്റ് സ്ഥാപിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. എന്നാല്‍, ഇതില്‍നിന്ന് പിന്നീട് പിന്മാറി.
പ്ലാന്റ് മറ്റൊരിടത്ത് സ്ഥാപിക്കുന്നതിനു മെഷീനറികള്‍ ലഭ്യമാക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ തുടര്‍ന്ന് ഉത്തരവിറക്കി. ഇതാണ് കോടതി റദ്ദാക്കിയത്.