ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ബൂത്ത് തല ഉദ്യോഗസ്ഥർ
Saturday, November 30, 2024 2:03 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷനിലെ അനർഹരായവരെ താഴേത്തട്ടിൽ നിന്നു തന്നെ കണ്ടെത്തി ഒഴിവാക്കാൻ സർക്കാർ നീക്കം.
തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള ബൂത്ത്തല ഉദ്യോഗസ്ഥരുടെ (ബിഎൽഒ) സേവനം അനർഹരെ കണ്ടെത്താനായി നിയോഗിക്കാനാണ് സർക്കാർ ആലോചന. അനർഹരായ ലക്ഷക്കണക്കിനു പേർ സാമൂഹിക സുരക്ഷാ പെൻഷനുകൾ തട്ടിയെടുക്കുന്നുവെന്ന സർക്കാർ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.
എന്നാൽ, അനർഹരെ കണ്ടെത്താനുള്ള സർക്കാർ നീക്കത്തിൽ സിപിഎമ്മിലെയും ഇടതുമുന്നണി ഘടകകക്ഷികളിലെയും ചെറിയൊരു വിഭാഗത്തിന് എതിർപ്പുണ്ട്. ഇതിനെ മറികടന്നു പരിശോധനയ്ക്കായി ബിഎൽഒമാരെ നിയോഗിക്കുന്നതിൽ തീരുമാനമെടുക്കുന്നത് ഏറെ ദുഷ്കരമാകും.
കോട്ടയ്ക്കൽ നഗരസഭയിലെ ഒരു വാർഡിൽ മാത്രം ധനകാര്യ പരിശോധന വിഭാഗം റാൻഡം പരിശോധന നടത്തിയപ്പോൾ വലിയ തോതിലുള്ള അനർഹർ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു. ഇതുപോലെ സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള അനർഹർ കടന്നു കൂടിയിട്ടുണ്ടാകാമെന്നാണു ധനവകുപ്പു നിഗമനം.
എന്നാൽ, വോട്ടുബാങ്ക് ഭയന്ന് അനർഹരെ ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കാറില്ല. പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശം മറികടന്ന് അനർഹർക്കെതിരേ ഉദ്യോഗസ്ഥതലത്തിലും നടപടി സ്വീകരിക്കാറില്ല.
ഈ സാഹചര്യത്തിലാണ് ബൂത്ത് തല ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഏറെ പ്രയോജനം ചെയ്യുമെന്ന നിഗമനത്തിലെത്തുന്നത്. സർക്കാർ ജീവനക്കാരും അങ്കണവാടി ജീവനക്കാരുമായ ഇവർക്ക് ഓരോ ബൂത്തിലെയും അനർഹരെ കണ്ടെത്താൻ എളുപ്പമാകുമെന്നാണു വിലയിരുത്തൽ.
വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർ, വീട് 2000 ചതുരശ്ര അടി തറവിസ്തീർണത്തിൽ കൂടാത്തവർ, കൃഷിഭൂമി രണ്ടേക്കറിൽ താഴെയുള്ളവർ എന്നിവർക്കു മാത്രമാണ് ക്ഷേമപെൻഷന് അർഹത. 1000 സിസിയോ അതിൽ കൂടുതലോ ഉള്ള ടാക്സിയല്ലാത്ത നാലുചക്ര വാഹനം സ്വന്തമായുള്ളവർക്ക് ക്ഷേമപെൻഷന് അർഹതയില്ല.
ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ ഇവർക്കും ക്ഷേമപെൻഷൻ കൈപ്പറ്റാനാകില്ല. ഇത്തരത്തിൽ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നവരെ കണ്ടെത്തി ഒഴിവാക്കാനുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.