ഏലം കൃഷി ഇൻഷ്വറൻസ് പദ്ധതി: കുറഞ്ഞ പരിധി ഒരേക്കറാക്കി ഭേദഗതി
Saturday, November 30, 2024 2:03 AM IST
തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷ്വർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കറാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിട ഏലം കർഷകർക്ക് ഇതിന്റെ ഗുണം ലഭ്യമാകുമെന്നാണ് സർക്കാർ വിശദീകരണം.
നിലവിലുണ്ടായിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ ഏലം കൃഷിക്ക് നാശനഷ്ടമുണ്ടായാൽ മാത്രമേ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കുണ്ടായിരുന്നുള്ളൂ. അതാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം 100 സെന്റ് കായ്ഫലമുള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷ്വർ ചെയ്യാൻ 1500 രൂപ അടച്ചാൽ മതിയാകും.
100 സെന്റിൽ ഉണ്ടായ പൂർണമായ ഏലം കൃഷിനാശത്തിന് 24000 രൂപയാണ് നഷ്ടപരിഹാരതുകയായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട കാർഷികവിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കൂടുതൽ വിളകൾ ഉൾപ്പെടുത്തുന്നതിനും നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിനുമായി സർക്കാർ പ്രൊപ്പോസൽ തയാറാക്കി വരികയാണെന്നും കൃഷിവകുപ്പ് അറിയിച്ചു.