കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷ് മൊഴി നൽകി
Sunday, December 1, 2024 2:22 AM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം ആരംഭിച്ചു. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് ഇന്നലെ രാവിലെ പ്രത്യേക അന്വേഷണസംഘത്തിനു മുൻപാകെ മൊഴി നൽകി.
ബിജെപി ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പോലീസിനു കൈമാറിയെന്നും തന്റെ കൈയിലെ രഹസ്യസ്വഭാവമുള്ള രേഖകളും തുടക്കംമുതലുള്ള എല്ലാ കാര്യങ്ങളും സത്യസന്ധമായി പോലീസിനോടു പറഞ്ഞെന്നും മൊഴിനൽകിയശേഷം സതീഷ് മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ കൈവശമുള്ള രേഖകളുടെയെല്ലാം പകർപ്പുകൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി. രണ്ടാമതൊരിക്കൽകൂടി വിളിക്കേണ്ട സാഹചര്യമില്ലാത്തവിധത്തിൽ എല്ലാം നൽകിയിട്ടുണ്ടെന്നും സതീഷ് പ്രതികരിച്ചു.
തൃശൂർ പോലീസ് ക്ലബ്ബിൽ ഇന്നലെ രാവിലെ പതിനൊന്നോടെ കൈയിൽ വലിയ പച്ചനിറമുളള ഫയൽ സഹിതമാണ് സതീഷ് എത്തിയത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സതീഷിന്റെ മൊഴി രേഖപ്പെടുത്തി.
സതീഷിന്റെ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതിനു തീരുമാനമായത്. ഇതിനായി പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ഉണ്ണികൃഷ്ണൻ വഴി ഡിവൈഎസ്പി വി.കെ. രാജു നൽകിയ അപേക്ഷ കഴിഞ്ഞദിവസം ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജി എൻ.വി. വിനോദ് അനുവദിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിൽ ആരെയെല്ലാം ചോദ്യം ചെയ്യണം, എങ്ങനെ കേസുമായി മുന്നോട്ടു നീങ്ങണം എന്ന കാര്യം പ്രത്യേക അന്വേഷണസംഘം നിശ്ചയിക്കുക.
എന്തായിരുന്നു ആ പച്ച ഫയലിൽ? ആശങ്കയോടെ ബിജെപി ക്യാന്പ്
തൃശൂർ: കുഴൽപ്പണക്കേസിൽ മൊഴി നൽകാനായി തൃശൂർ പോലീസ് ക്ലബ്ബിലേക്കു പോലീസ് അകന്പടിയോടെ സ്വന്തം കാറിലെത്തിയ തിരൂർ സതീഷ് കൈയിൽ പിടിച്ച പച്ച ഫയലിൽ എന്തൊക്കെയായിരുന്നുവെന്ന ആകാംക്ഷയിലാണ് ബിജെപി നേതൃത്വം.
കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തന്റെ പക്കൽ കൂടുതൽ തെളിവുകളുണ്ടെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടാൽ കൈമാറുമെന്നും നേരത്തേ സതീഷ് പറഞ്ഞിരുന്നു. ബിജെപി മുൻ ഓഫീസ് സെക്രട്ടറിയാണ് സതീഷ്. അതുകൊണ്ടുതന്നെ കുഴൽപ്പണക്കേസ് ഇടപാടുകൾ സംബന്ധിച്ച് പല കാര്യങ്ങളും സതീഷിന് അറിയാമെന്നാണ് സൂചന.