സിപിഐയുടെ പോഷകസംഘടനാ കമ്മിറ്റി പിരിച്ചുവിട്ട് പുനഃസംഘടിപ്പിച്ചു
Sunday, December 1, 2024 1:43 AM IST
കണ്ണൂർ: സിപിഐയുടെ സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നിർദേശങ്ങൾ പാലിക്കാതെ കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ (കെസിഎസ്ഒഎഫ്) സംസ്ഥാന സമ്മേളനത്തിൽ രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് പുനഃസംഘടിപ്പിച്ചു.
അഞ്ചുവർഷത്തിലധികം സംഘടനാ ഭാരവാഹിത്വത്തിൽ തുടരുന്നവർ മാറി നിൽക്കണമെന്ന ജോയിന്റ് കൗൺസിലിന്റെ നിർദേശം പാലിക്കാതെ, ആർ. രാജീവ് കുമാർ കെസിഎസ്ഒഎഫ് ജനറൽ സെക്രട്ടറി സ്ഥാനത്തു തുടർന്നതിലാലാണു നടപടി.
കെസിഎസ്ഒഎഫിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ആർ. രാജീവ്കുമാർ സ്ഥാനമൊഴിയാൻ സന്നദ്ധനായില്ല. മാത്രമല്ല, താൻ ജനറൽ സെക്രട്ടറിയും ആർ.വി. സതീഷ് പ്രസിഡന്റായുമുള്ള പാനൽ അവതരിപ്പിച്ച് പാസാക്കി തുടരുകയും ചെയ്തു. ഇതിനെതിരേ കെസിഎസ്ഒഎഫിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ജോയിന്റ് കൗൺസിലിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിതന്നെ ഇത്തരത്തിൽ സംഘടനാവിരുദ്ധ നിലപാട് സ്വീകരിച്ചത് ജോയിന്റ് കൗൺസിലിലും വിവിധ വകുപ്പുകളിലെ സിപിഐ ജീവനക്കാരുടെ സംഘടനകളിലും ചർച്ചയായിരുന്നു.
സംഭവം വിവാദമായതോടെ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ഓൺലൈനായി യോഗം ചേർന്ന് രാജീവ് കുമാർ ചെയ്തത് കടുത്ത സംഘടനാവിരുദ്ധ നടപടിയാണെന്നു വിലയിരുത്തി. ഇതിനു പിന്നാലെ രാജീവ് കുമാറിനെ സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്ന് നീക്കുകയും, പ്രസിഡന്റ് പദവി ഏറ്റെടുത്ത ആർ. സതീഷ്കുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന കെസിഎസ്ഒഎഫ് സംസ്ഥാന കമ്മിറ്റിയോഗമാണ് ആർ. രാജീവ് കുമാർ, ആർ.വി. സതീഷ് എന്നിവർ ഭാരവാഹികളായ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിക്കു രൂപം നൽകിയത്.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ജി. ബീനാ ഭദ്രനെ പ്രസിഡന്റായും കെ.വിനോദിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്താണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.