ശശിധരൻ വധം: പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയും
Sunday, December 1, 2024 2:22 AM IST
തൊടുപുഴ: മേമുട്ടം അറക്കപ്പടിക്കൽ ശശിധരനെ (42) കൊലപ്പെടുത്തിയ കേസിൽ പ്രതി മേമുട്ടം അനിനിവാസിൽ അനീഷ് എന്നു വിളിക്കുന്ന അനിലിന് (32) തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. സീത ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം.
2020 ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പ്രതിയുടെ വീട്ടിലിരുന്ന് ടിവിയിൽ മകരവിളക്ക് തൽസമയ സംപ്രേഷണം കണ്ടുകെണ്ടിരുന്ന ശശിധരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ പലക കൊണ്ട് അടിച്ചും വാക്കത്തികൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കാഞ്ഞാർ പോലീസാണ് പ്രതിയെ പിടികൂടിയത്.
തെളിവ് നശിപ്പിക്കാൻ സഹായിച്ച പ്രതിയുടെ ഭാര്യ സൗമ്യയെ രണ്ടാം പ്രതിയായും സംഭവം അറിഞ്ഞിട്ടും യഥാസമയം അറിയിക്കാതിരുന്നതിന് സോമൻ എന്നയാളെ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കാഞ്ഞാർ പോലീസ് സബ് ഇൻസ്പെക്ടർ സജിമോൻ പി. ജോർജ് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, വി.കെ. ശ്രീജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.