ലോറി ബസ് സ്റ്റോപ്പിനു മുകളിലേക്കു മറിഞ്ഞ് സ്ത്രീ മരിച്ചു
Saturday, November 30, 2024 1:18 AM IST
ചിറ്റൂർ: ആലാംകടവ് വളവുപാതയിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ബസ് സ്റ്റോപ്പിൽ ഉറങ്ങിയിരുന്ന കർണാടക സ്വദേശിനിക്കു ദാരുണാന്ത്യം.
മൈസൂർ ഹുൻസൂർ ബിആർ വില്ലേജ് പരേതനായ ബാലെയുടെ ഭാര്യ പാർവതി(40) ആണു മരിച്ചത്. ഇവരോടൊപ്പം ബസ് സ്റ്റോപ്പിൽ ഉറങ്ങിക്കിടന്ന ബന്ധുക്കളായ കൃഷ്ണ( 70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർക്കു പരിക്കേറ്റു.
ഇന്നലെ പുലർച്ചെ 2.30 നാണ് അപകടം. ആലാംകടവ് മേൽപ്പാലം നിർമാണസ്ഥലത്തെ നൈറ്റ് വാച്ചർ അപകടംകണ്ട് അറിയിച്ചതിനെത്തുടർന്ന് ചിറ്റൂർ പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തു പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തി.
എന്നാൽ, മറിഞ്ഞ ലോറി ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തി നാലുപേരെയും പുറത്തെടുത്തു താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം പാർവതി മരിച്ചിരുന്നു. പരിക്കേറ്റ മൂന്നുപേരെയും പ്രാഥമികചികിത്സയ്ക്കു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പഴനിയിൽനിന്ന് ഇറച്ചിക്കോഴിയുമായി തൃശൂരിലേക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചശേഷം പത്തുമീറ്റർ മുന്നോട്ടുപാഞ്ഞ് ബസ് സ്റ്റോപ്പിലേക്കു മറിഞ്ഞത്. അപകടത്തിനുശേഷം ഓടിരക്ഷപ്പെട്ട ഡ്രൈവർ, ക്ലീനർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാർവതിയുടെ മൃതദേഹം ചിറ്റൂർ പോലീസിന്റെ ഇൻക്വസ്റ്റിനുശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റു്മോർട്ടം നടത്തി.
മൈസൂരിൽനിന്ന് ഉപജീവനമാർഗംതേടിയാണ് പാർവതിയും കുടുംബവും ചിറ്റൂരിലെത്തിയത്. പുഴയിൽ മീൻ പിടിച്ച് വില്പന നടത്തിയും ആക്രിസാധനങ്ങൾ പെറുക്കി വില്പന നടത്തിയുമാണ് ഇവിടെ കഴിച്ചുകൂട്ടിയിരുന്നത്. പതിവായി മറ്റൊരിടത്താണ് ഈ നാലംഗസംഘം അന്തിയുറങ്ങാറുള്ളത്. ഇന്നലെ യാദൃച്ഛികമായാണ് ആലാംകടവ് ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയത്.