ബാലഭാസ്കറിനെ കൊന്നതു തന്നെയെന്ന് അച്ഛൻ ഉണ്ണി
Saturday, November 30, 2024 1:18 AM IST
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നതു തന്നെയെന്ന നിഗമനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായി അച്ഛൻ ഉണ്ണി. മകന്റെ മരണവുമായി ബന്ധപ്പെട്ടു തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല. കേസ് ഒത്തു തീർപ്പാക്കാനുള്ള നീക്കമാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി നടത്തിയതെന്ന ഗുരുതരമായ ആരോപണവും ഉണ്ണി ഉന്നയിച്ചു.
ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ പെരിന്തൽമണ്ണയിലെ വ്യാപാരിയെ ആക്രമിച്ചു സ്വർണം കവർച്ച നടത്തിയ കേസിൽ പിടിയിലായതിനു പിന്നാലെ മാധ്യമ പ്രവർത്തകരെ കണ്ട ഉണ്ണി സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതരമായ ക്രമക്കേടാണ് ഉന്നയിച്ചത്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു അർജുനും വിഷ്ണുവിനും മറ്റും പങ്കുണ്ടെന്ന് ഡിആർഐയാണ് ആദ്യം കണ്ടെത്തി അറിയിച്ചത്. ഇക്കാര്യം സിബിഐയ്ക്കു മൊഴി നൽകിയപ്പോൾ, വിശദമായി അന്വേഷിക്കാൻ താത്പര്യമില്ലാത്തതു പോലെയായിരുന്നു ഡിവൈഎസ്പിയുടെ സമീപനം.
അർജുൻ ആണ് അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചിരുന്നതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, അപകട സമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്നും ഇതിന് 1.30 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അർജുൻ തൃശൂർ എംഎസിടി കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
അവസാനം 1.30 കോടി അഡ്ജസ്റ്റ് ചെയ്ത് ഒരു കോടി നഷ്ടപരിഹാരം നൽകിയാൽ മതിയെന്നു ഒത്തു തീർപ്പിന് അർജുൻ എത്തി. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചാൽ വാഹനാപകട കേസ് അർജുൻ പിൻവലിക്കുമെന്ന ഒത്തുതീർപ്പു ഫോർമൂലമായി സിബിഐ ഡിവൈഎസ്പി സമീപിച്ചിരുന്നതായും ഉണ്ണി ആരോപിച്ചു.
സ്വാധീനങ്ങൾക്കു വഴങ്ങിയാണ് സിബിഐ അന്വേഷണം അവസാനിപ്പിച്ചത്. അർജുനും വിഷ്ണുവിനും പിന്നിൽ വൻ സാന്പത്തിക ശക്തികളാണുള്ളത്. ഇവരുടെ ഇടപെടലിലാണ് അന്വേഷണങ്ങളെല്ലാം ചാരമായത്.
ഇപ്പോൾ സ്വർണക്കേസുമായി ബന്ധപ്പെട്ട് അർജുൻ പിടിയിലായ സാഹചര്യത്തിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വർധിക്കുകയാണ്. ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐ നടത്തണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ചു വരികയാണ്.
അർജുൻ മുൻപും പല കേസുകളിലും പ്രതിയായിരുന്നു. അപകടത്തിനു ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. എടിഎം കവർച്ച കേസ്, ഭവനഭേദന കേസ് തുടങ്ങിയ ഒട്ടേറെ കേസുകളിൽ അർജുൻ പ്രതിയായിരുന്നു.
വിഷ്ണു ഇപ്പോഴും ബാലഭാസ്കറിന് 50 ലക്ഷം രൂപ നൽകാനുണ്ടെന്നു അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇത് ബാലുവിന്റെ ഭാര്യ ലക്ഷ്മിക്കു നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ലക്ഷ്മിക്കു ഇവർ പണം നൽകിയോ എന്ന് അറിയില്ല. ലക്ഷ്മി ഇപ്പോൾ തന്നെ ബോയ്കോട്ട് ചെയ്തിരിക്കുകയാണെന്നും ഉണ്ണി പറഞ്ഞു.