ഭൂമി തരം മാറ്റം: സര്‍ക്കാരിനു ലഭിച്ച പണം കാര്‍ഷികാഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്നു കോടതി
Sunday, December 1, 2024 2:22 AM IST
കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂര്‍ണമായും കാര്‍ഷികാഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി. ഇതില്‍ 25 ശതമാനം നാലു മാസത്തിനകവും ശേഷിക്കുന്ന 75 ശതമാനം തുക ഒരു വര്‍ഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറണം.
ഡിസംബര്‍ ഒന്ന് മുതല്‍ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇത് ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ രണ്ടു മാസത്തിനകം തീരുമാനിച്ച് റവന്യു വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം കാര്‍ഷിക അഭിവൃദ്ധി ഫണ്ട് വര്‍ഷംതോറും ഓഡിറ്റ് ചെയ്ത് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ കാര്‍ഷികാഭിവൃദ്ധി ഫണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ ഫണ്ട് വയലുകളുടെ സംരക്ഷണത്തിനും നികത്തിയ പാടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും മറ്റും വിനിയോഗിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇതില്‍നിന്ന് നെല്‍കൃഷി പ്രോത്സാഹനത്തിന് തുക അനുവദിക്കുന്നില്ലെന്നാണ് ഹര്ജിക്കാരന് വാദിച്ചത്.