എന്തുകൊണ്ട് ക്രിസ്മസ്?
Sunday, December 1, 2024 1:43 AM IST
ദേവമിത്ര നീലങ്കാവിൽ
ഒരിക്കൽ ഉത്തരേന്ത്യയിലെ ഒരു വിദ്യാലയത്തിൽ ക്രിസ്മസ് പരിപാടിക്കിടെ പ്രസംഗകൻ ചോദിച്ചു: “എന്താണ് ക്രിസ്മസ്?’’ കുട്ടികൾ ഉറക്കെ ഉത്തരം പറഞ്ഞു: “സാന്താ ക്രൂസിന്റെ ജന്മദിനം.’’ കേരളത്തിലെ സാഹചര്യത്തിൽ ഒരുപക്ഷേ മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും മത നിരപേക്ഷമായിക്കൊണ്ടിരിക്കുന്ന സമകാലിക ക്രിസ്മസ് ആഘോഷങ്ങളിൽ പലപ്പോഴും ക്രിസ്തു ഇല്ല എന്നുള്ളത് ഒരു വസ്തുതയാണ്. ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ ഓർമയും ആഘോഷവുമാണ് ക്രിസ്മസ് എന്ന് പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
ദൈവപുത്രന്റെ മനുഷ്യാവതാരം എന്നു കേൾക്കുന്പോൾത്തന്നെ ഉയരുന്ന പ്രസക്തമായ ചോദ്യമാണ്, എന്തുകൊണ്ട് ദൈവം മനുഷ്യനായി? എന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം ബൈബിളിലെ ആദ്യതാളുകളിൽതന്നെ ലഭ്യമാണ്. “ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ചു’’ (ഉൽപത്തി 1:27). സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നാശത്തിനു വിട്ടുകൊടുക്കാൻ കരുണാമയനായ ദൈവത്തിനു മനസു വന്നില്ല എന്നതാണ് ദൈവം മനുഷ്യനായി അവതരിക്കാനുള്ള അടിസ്ഥാനപരമായ കാരണം.
എല്ലാവരും രക്ഷിക്കപ്പെടണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് (തിമോത്തി 2:4). തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനു വസിക്കാൻ നൽകിയ ലോകത്തെ ദൈവം അത്രമാത്രം സ്നേഹിച്ചു. അതിനാൽ തന്റെ ഏകജാതനെ ലോകത്തിന്റെ പാപപരിഹാരത്തിനായി നൽകാൻ പിതാവായ ദൈവം നിശ്ചയിച്ചു. പിതാവിന്റെ ആഗ്രഹം അനുസരിച്ച പുത്രൻ, തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു (യോഹന്നാൻ 3:17-17).
മറഞ്ഞിരിക്കുന്ന ദൈവം മനുഷ്യനായി അവതരിക്കുക വഴി ദൈവത്തിന്റെ ഛായയും സാദൃശ്യവും മനുഷ്യർക്കു വെളിപ്പെടുത്തപ്പെട്ടു. കാരണം, ഈശോമിശിഹാ ദൈവത്തിന്റെ മഹത്വത്തിന്റെ തേജസും സത്തയും മുദ്രയുമാണ് (ഹെബ്രായർ 1:3). ഈ സത്യം വെളിപ്പെടുത്തിക്കൊണ്ട് ഈശോ സ്വയം പ്രഖ്യാപിച്ചു:
“എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു’’ (യോഹന്നാൻ 14:9). ഈശോ തന്റെ വാക്കും പ്രവൃത്തിയും വഴി അദൃശ്യനായ പിതാവിന്റെ കരുണാർദ്രസ്നേഹം വെളിപ്പെടുത്തി. തന്റെ മനുഷ്യാവതാരം വഴി ഈശോ രക്ഷാമാർഗം നമുക്കു വെളിപ്പെടുത്തിത്തന്നു. സകല മനുഷ്യരിലും ദൈവത്തിന്റെ ഛായയും സാദൃശ്യവും ദർശിച്ച് അപരനെ സ്നേഹിക്കുക, ബഹുമാനിക്കുക, ശുശ്രൂഷിക്കുക എന്നതാണ് ആ രക്ഷാമാർഗം.
അപരനിൽ ദൈവത്തിന്റെ ഛായയും സാദൃശ്യവും കാണാൻ തുടങ്ങിയാൽ, ഭാര്യ ഭർത്താവിലും ഭർത്താവ് ഭാര്യയിലും, മക്കൾ മാതാപിതാക്കളിലും മാതാപിതാക്കൾ മക്കളിലും, കറുത്തവനിലും, വെളുത്തവനിലും, പണ്ഡിതരിലും, പാമരനിലും, ധനികരിലും, ദരിദ്രനിലും, അധികാരിയിലും, അധീനരിലും, ദൈവമുഖം ദർശിക്കാൻ സാധിച്ചാൽ ദൈവം മനുഷ്യനായതിന്റെ ഫലം മനുഷ്യർ അനുഭവിക്കാൻ ആരംഭിച്ചു എന്നുവേണം കരുതാൻ. അന്ത്യവിധിയിലെ അടിസ്ഥാന ചോദ്യവും അപരനിൽ ദൈവമുഖം ദർശിച്ചുവോ എന്നായിരിക്കും.
ചുരുക്കത്തിൽ അദൃശ്യനായ ദൈവത്തെ ദൃശ്യനാക്കി ദൈവമുഖം വെളിപ്പെടുത്തി, അപരനിൽ ആ മുഖം ദർശിക്കാൻ പഠിപ്പിച്ചുകൊണ്ട് രക്ഷാമാർഗം മനുഷ്യർക്ക് കാണിച്ചുകൊടുക്കുക എന്നതാണ് ദൈവം മനുഷ്യനായതിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം.