പ്രശാന്തനെതിരേ വിജിലൻസ് അന്വേഷണം തുടങ്ങി
Sunday, December 1, 2024 1:42 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പന്പിനു വേണ്ടി അപേക്ഷിച്ച പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യൻ ശ്രീകണ്ഠപുരം നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്തനെതിരേ വിജിലൻസ് അന്വേഷണം തുടങ്ങി.
പ്രശാന്തനെതിരേ 1988ലെ അഴിമതി തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നുള്ള കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനന്റെ പരാതിയിലാണ് അന്വേഷണം. പരാതിക്കാരനായ ടി.ഒ. മോഹനനിൽനിന്ന് ഇന്നലെ കോഴിക്കോട് വിജിലൻസ് എസ്പി അബ്ദുൾ റസാഖ് മൊഴിയെടുത്തു.
കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ഓഫീസിൽ നടന്ന മൊഴിയെടുപ്പ് മണിക്കൂറുകൾ നീണ്ടു. പ്രശാന്തന് ശ്രീകണ്ഠപുരം ചേരൻമൂലയിൽ പെട്രോൾ പന്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നിരാക്ഷേപ പത്രം ലഭിക്കാനായി എഡിഎമ്മായിരുന്ന നവീൻ ബാബുവിന് 98,500 രൂപ നൽകിയെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രശാന്തൻ പറഞ്ഞിരുന്നു. ഇത്തരത്തിൽ കൈക്കൂലി നൽകിയെന്നു പറയുന്ന പ്രശാന്തൻ സ്വാഭാവികമായും ഏഴുദിവസത്തിനകം ഉദ്യോഗസ്ഥനെതിരേ വിജിലൻസിൽ പരാതി നൽകേണ്ടതായിരുന്നു.
എന്നാൽ എഡിഎമ്മിനെതിരേ ഒന്നരമാസമായിട്ടും ഇത്തരത്തിൽ ഒരു പരാതി നൽകിയതായി തെളിവില്ല. ഈ സാഹചര്യത്തിൽ അഴിമതി തടയൽ നിയമപ്രകാരം കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്നിരിക്കെ കൈക്കൂലി നൽകിയെന്നു പറയുന്ന പ്രശാന്തനെതിരേയും കേസെടുത്ത് അന്വേഷിക്കണമെന്ന പരാതിയിലെ ആവശ്യം ടി.ഒ. മോഹനൻ മൊഴിയിൽ ആവർത്തിച്ചു.
ഇലക്ട്രീഷ്യൻ മാത്രമായ പ്രശാന്തൻ കോടികൾ ചെലവു വരുന്ന പെട്രോൾ പന്പ് തുടങ്ങാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ട്.
ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സാന്പത്തിക സ്രോതസിനെയും അനധികൃത സന്പാദ്യത്തെയും കുറിച്ച് അന്വേഷിക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു.