വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു
Sunday, December 1, 2024 1:43 AM IST
കൊല്ലം: കടുത്ത വിഭാഗീയത നിലനിന്ന സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു. പകരം പാർട്ടി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ കൺവീനറായി ഏഴംഗ പുതിയ അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നു.
എസ്. എൽ. സജികുമാർ, എസ്.ആർ. അരുൺ ബാബു, പി.വി. സത്യദേവൻ, എൻ. സന്തോഷ്, ജി. മുരളീധരൻ, ബി. ഇക്ബാൽ എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.കരുനാഗപ്പള്ളി ഏരിയ കമ്മറ്റിക്ക് കീഴിലെ സംസ്ഥാന, ജില്ലാ നേതാക്കളെ തരംതാഴ്ത്തുമെന്നും സൂചനയുണ്ട്. ജില്ലാ സമ്മേളനത്തിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുക.
സംസ്ഥാന നേതൃത്വം പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രശ്നങ്ങള് പരിഹരിക്കാൻ ഏരിയാ നേതൃത്വത്തിനായില്ല. ഏരിയാ നേതൃത്വത്തിന്റെ പിടിപ്പുകേട് പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കി. അതിനാലാണ് ഏരിയാ കമ്മറ്റി പൂർണമായും പിരിച്ചുവിടാൻ തീരുമാനിച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഎം കൊല്ലം ജില്ലാ നേതൃയോഗങ്ങളിലാണ് തീരുമാനം. വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയ ലോക്കൽ കമ്മിറ്റികളെ പാർട്ടി പരിപാടികളിൽ നിന്ന് പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചു.
നാളെ ആരംഭിക്കാനിരുന്ന ഏരിയ സമ്മേളനവും റദ്ദാക്കി. കരുനാഗപ്പള്ളിയിലെ ഏരിയാ കമ്മറ്റി അംഗങ്ങളെ ജില്ലാകമ്മറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.
കരുനാഗപ്പള്ളി ഏരിയയ്ക്കു കീഴിൽ നടന്ന ലോക്കൽ സമ്മേളനങ്ങളിലുണ്ടായത് തെറ്റായ പ്രവണതയാണെന്നും നിലവിലെ കമ്മിറ്റിക്ക് പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്നും എം. വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. തുടർന്നാണ് അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
മത്സ്യഫെഡ് ചെയർമാൻ കൂടിയായ ടി. മനോഹരന്റെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയിൽ കരുനാഗപ്പള്ളിയിൽ നിന്നുള്ള ഒരു നേതാവിനെ പോലും ഉൾപ്പെടുത്തിയിട്ടില്ല. അഡ്ഹോക്ക് കമ്മറ്റികളിൽ സാധാരണ അതത് മേഖലകളിലെ സംസ്ഥാന ജില്ലാ - നേതാക്കളെ ഉൾപ്പെടുത്താറാണ് പതിവ്.
കരുനാഗപ്പള്ളിയിലെ നേതാക്കളെ ഒഴിവാക്കിയതിലൂടെ ഇവർക്കെതിരേയുള്ള അച്ചടക്ക നടപടി കൂടിയായി മാറുകയാണ് അഡ്ഹോക്ക് കമ്മറ്റി തെരഞ്ഞെടുപ്പ്. പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുന്നതോടെ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സംസ്ഥാന- ജില്ലാ നേതാക്കൾ തരംതാഴ്ത്തപ്പെടാനാണണുസാധ്യത. പിന്നീട് ഇവർ പാർട്ടിയിലെ സാധാരണ അംഗമായി മാത്രമാകും.
സമ്മേളന കാലയളവിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ ഉണ്ടാകാത്ത കടുത്ത പ്രതിസന്ധിയാണ് സംസ്ഥാന നേതൃത്വം കരുനാഗപ്പള്ളിയിൽ നേരിട്ടത്. ഇതോടെയാണ് നേതാക്കൾ അടക്കമുള്ളവരെ അച്ചടക്കം പഠിപ്പിക്കാൻ സംസ്ഥാന നേതൃത്വം തന്നെ ശക്തമായ നടപടികളുമായി നേരിട്ട് രംഗത്തിറങ്ങിയത്.