ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; രണ്ടു പേര്‍ക്കു പരിക്ക്
Sunday, December 1, 2024 1:42 AM IST
കൊച്ചി: കോയമ്പത്തൂരില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് എറണാകുളം ചക്കരപ്പറമ്പില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
കോയമ്പത്തൂരില്‍നിന്ന് വര്‍ക്കലയിലേക്ക് വിനോദയാത്രയ്ക്കു പോയ ബസാണ് മറിഞ്ഞത്. കോയമ്പത്തൂര്‍ സ്വദേശികളായ വിദ്യാര്‍ഥി നല്ലതമ്പി (19), ബസ് ഡ്രൈവര്‍ മുനീഷ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
30 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലരയോടെ പോലീസും അഗ്നിരക്ഷാസേനയും എത്തി ബസ് ഉയര്‍ത്തി മാറ്റി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം സംഘം മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.