ആലപ്പുഴയിലെ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു
Sunday, December 1, 2024 1:43 AM IST
തിരുവനന്തപുരം: ആലപ്പുഴയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിബിൻ സി. ബാബു ബിജെപിയിൽ ചേർന്നു. ദേശീയ ജനറൽ സെക്രട്ടറി തരുണ്‍ ചുഗിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
തിരുവനന്തപുരത്ത് നടന്ന ബിജെപി സംഘടനാ പർവത്തിലാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നത്. സിപിഎം ഏരിയാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ബിബിൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവകലാശാല സെനറ്റ് അംഗം കൂടിയാണ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.