സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കും: ചെയര്മാന്
Sunday, December 1, 2024 1:42 AM IST
നിലമ്പൂര്‍: കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍.
സാമൂഹിക ഘടന തകര്‍ക്കാന്‍ വിഷം കുത്തിനിറയ്ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ അമല്‍ കോളജില്‍ നല്കിയ സ്വീകരണസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വഖഫ് ഭൂമി സംരക്ഷിക്കലാണ് ബോര്‍ഡിന്റെ ചുമതല. അതിനെതിരേ സമരങ്ങളോ പ്രക്ഷോഭങ്ങളോ നടക്കുമ്പോള്‍ നിയമപരമായ തടസം നിലനില്‍ക്കുന്നതിനാലാണു വഖഫ് സംരക്ഷിക്കുമെന്ന് ബോര്‍ഡ് നിലപാടു സ്വീകരിക്കുന്നത്. എന്നാല്‍, കേരളത്തിന്റെ സാമൂഹികഘടന തകര്‍ക്കാന്‍ വിഷം കുത്തി നിറയ്ക്കുന്നതു തടയുകയും വേണം.
സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെയും സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാതെയും വഖഫ് സ്വത്തുകള്‍ സംരക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നതെന്നും ചെയര്മാന് പറഞ്ഞു.
ചൂണ്ടിക്കാണിച്ചാല്പോലും വഖഫ് ഭൂമിയാകുമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.