സാന്പത്തിക പ്രതിസന്ധി: കലാമണ്ഡലത്തിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
Sunday, December 1, 2024 2:22 AM IST
ചെറുതുരുത്തി: സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് കേരള കലാമണ്ഡലം മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.
അധ്യാപകർ മുതൽ സുരക്ഷാ ജോലിക്കാർ വരെയുള്ള നൂറ്റിയിരുപതോളം താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്നുമുതൽ ആരും ജോലിക്കു വരേണ്ടതില്ലെന്ന് വൈസ് ചാൻസലർ ഉത്തരവിറക്കുകയായിരുന്നു.
അധ്യയനവർഷത്തിന്റെ ഇടയ്ക്കു താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. വിവിധ തസ്തികകളിൽ ഒഴിവ് നികത്താത്തതുമൂലം കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി താത്കാലിക അധ്യാപക -അനധ്യാപിക ജീവനക്കാരെ നിയമിച്ചിരുന്നു.
എന്നാൽ, പദ്ധതിയേതര വിഹിതത്തിൽനിന്ന് ആവശ്യമായ തുക ലഭിക്കാത്തതുമൂലം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടിയെന്നാണ് പറയുന്നത്. പ്രതിമാസം 80 ലക്ഷം രൂപ ചെലവുവരുന്ന കലാമണ്ഡലത്തിന് 40 ലക്ഷം രൂപയാണ് സാംസ്കാരികവകുപ്പ് നൽകുന്നത്.
ഒന്നുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻപേരും താത്കാലിക അധ്യാപകരായതിനാൽ കലാമണ്ഡലത്തിന്റെ പ്രവർത്തനം താളംതെറ്റുമെന്ന് ഉറപ്പാണ്. വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്.