കരുനാഗപ്പള്ളിയിൽ സിപിഎമ്മിൽ പൊട്ടിത്തെറി; വിഭാഗീയത തെരുവിലേക്ക്
Saturday, November 30, 2024 1:18 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ സിപിഎമ്മിലെ കടുത്ത വിഭാഗീയത മറനീക്കി തെരുവിലേക്ക്. ലോക്കൽ കമ്മിറ്റികളിൽ അഴിമതിക്കാരെ തിരുകിക്കയറ്റി എന്ന് ആരോപിച്ച് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ഇന്നലെ പരസ്യ പ്രകടനവും ഏരിയാ കമ്മിറ്റി ഓഫീസ് ഉപരോധവും നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചില നേതാക്കൾക്ക് എതിരേ ലൈംഗിക ആരോപണം അടക്കം ഉന്നയിച്ചാണ് വിമത പക്ഷം രംഗത്ത് എത്തിയിട്ടുള്ളത്.
ഏരിയാ കമ്മിറ്റിയുടെ പരിധിയിലുള്ള ഏഴ് ലോക്കൽ സമ്മേളനങ്ങളിലാണ് തർക്കവും കൈയാങ്കളിയും അടക്കം നടന്നത്. ഇതോടെയാണ് വിമതപക്ഷം കരുത്താർജിച്ച് നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്.ലോക്കൽ സെക്രട്ടറിമാരെയും കമ്മിറ്റി അംഗങ്ങളെയും ആരുമായും കൂടിയാലോചിക്കാതെ തെരത്തെടുത്തതാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
ഇന്നലത്തെ പ്രതിഷേധ പ്രകടനം ജില്ലാ നേതൃത്വത്തെയടക്കം ഞെട്ടിച്ചു. പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ഏരിയാ കമ്മിറ്റി ഓഫീസിന് 50 മീറ്റർ അകലെ വച്ച് പോലീസ് തടഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം നിരവധി നേതാക്കൾ ഏരിയാ കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്നങ്കിലും അവരോട് സംസാരിക്കാനോ ഓഫീസിലേക്ക് കയറ്റാനോ ആരും തയാറായില്ല. ഇതേ തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി.
ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള നേതാക്കൾക്ക് എതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പ്ലക്കാർഡുകളും പിടിച്ചായിരുന്നു വിമതപക്ഷത്തിന്റെ പ്രതിഷേധം. സ്ത്രീകൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.
ഏരിയാ നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള ജനാധിപത്യ വിരുദ്ധ നടപടികൾക്ക് എതിരേ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനും വരുംദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചാണ് പിന്നീട് വിമതപക്ഷം പിരിഞ്ഞുപോയത്.
അതേസമയം സേവ് സിപിഎം എന്ന പേരിൽ നഗരത്തിൽ പലയിടത്തും ഇന്നലെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവർക്കെതിരേ ശക്തമായ ആരോപണങ്ങളാണ് പോസ്റ്ററുകളിലുള്ളത്. കരുനാഗപ്പള്ളിയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ സിപിഎം ജില്ലാ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചനകൾ.
പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കേ അത് കലക്കാനുള്ള ശ്രമങ്ങൾ ചിലർ ബോധപൂർവം നടത്തുന്നതായാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. കരുനാഗപ്പള്ളിയിലെ വിഭാഗീയത സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിൽ വിശദമായി റിപ്പോർട്ട് ചെയ്യാനും ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയിലെ വിമത നീക്കങ്ങൾ ശക്തമായതിൽ സിപിഎം സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. സമ്മേളന നടത്തിപ്പുകളുടെ ചുമതലക്കാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോയി എന്നാണ് വിലയിരുത്തൽ.