മുറിക്കുന്നതിനിടെ തെങ്ങു വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
Sunday, December 1, 2024 2:22 AM IST
പഴയങ്ങാടി (കണ്ണൂർ): വീടിനു സമീപം തെങ്ങ് മുറിക്കുന്നതിനിടെ ദിശതെറ്റി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മുട്ടം കക്കാടപ്പുറത്തെ ഇ.എൻ.പി. മുഹമ്മദ് നിസാൽ (10) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. തെങ്ങ് മുറിക്കുന്നത് കാണുന്നതിനായാണ് ഓട്ടിസം ബാധിതനായ നിസാൽ വീൽ ചെയറിൽ സമീപത്തിരുന്നത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതു മാറ്റുന്നതിനിടയിൽ ദിശമാറി വീഴുകയായിരുന്നു. അപകടം നടന്നയുടൻ ജെസിബി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
മുഹമ്മദ് നിസാലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം കക്കാടപ്പുറത്തെ യു.കെ.പി. മൻസൂർ-സമീറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് നിയാസ്, മുഹമ്മദ് നിഹാൽ.