ഗവർണർക്കെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങി സിപിഎം
Saturday, November 30, 2024 1:18 AM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങി സിപിഎം. സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ടു ഗവർണർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരേ പ്രത്യക്ഷമായും ആശയപരമായും സമരം നടത്താൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സർവലകശാലകൾ, കോളജ് കാന്പസുകൾ, എന്നിവിടങ്ങളിൽ ഗവർണറുടെ നിലപാടിനെതിരേ സമരം നടത്തും. കൂടാതെ വ്യക്തികൾക്കും വിദ്യാർഥികൾക്കും പ്രത്യേകം പ്രത്യേകം ഗവർണറുടെ നടപടികളുടെ പ്രശ്നം മനസിലാക്കി വിപുലമായ പ്രചാരണ പ്രതിഷേധപരിപാടികളിൽ പങ്കാളിയാകാമെന്നു യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
തന്നിഷ്ടപ്രകാരമാണു ഗവർണർ പ്രവർത്തിക്കുന്നത്. ഒൻപതു വിധികളാണു ഗവർണർക്കെതിരേ കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. കാവിവത്കരണത്തിനു വേണ്ടി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നടപടികളെല്ലാം. അതിന്റെ ഏറ്റവും അവസാന ഉദാഹരണമാണു സർവീസ് സംഘിന്റെ ഓഫീസിൽ ഗോൾവാർക്കറുടെ ചിത്രത്തിനു മുന്നിൽ നമസ്കരിച്ച ശേഷം വൈസ്ചാൻസലർ സാങ്കേതിക സർവകലാശാല പദവി ഏറ്റെടുക്കുന്നതിനു വന്നത്.
യുഡിഎഫിന്റെ നിലപാട് അറിയാൻ ആഗ്രഹമുണ്ട്. ആർഎസ്എസുകാരെ മാത്രമല്ല തങ്ങളെയും പരിഗണിക്കുന്നുവെന്നായിരുന്നു അവരുടെ ധാരണ. അതുതന്നെയാണോ ഇപ്പോഴും അവർക്കുള്ളതെന്നറിയാൻ ആഗ്രഹമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായി സിപിഎമ്മിനു ബന്ധമുണ്ടെന്ന പ്രചാരണം തിരുത്താത്ത മാധ്യമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.