ആറ്റപ്പിള്ളി പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം
1496764
Monday, January 20, 2025 1:45 AM IST
പുതുക്കാട്: നിര്‍മാണം തുടങ്ങി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത ആറ്റപ്പിള്ളി പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. നന്തിപുലം സ്വദേശി ചെതലന്‍ ജോസഫ് സമര്‍പ്പിച്ച പാെതുതാല്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. പാലത്തിന്റെ അനുബന്ധ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോാടെ ഭാഗികമായുണ്ടായിരുന്ന ഗതാഗതവും അവതാളത്തിലായിരുന്നു.
പാലത്തിന്റെ ഒരുവശത്ത് താഴ്ന്നുപോയ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് കോടതി നിര്‍ദേശം. മറ്റത്തൂര്‍ ഭാഗത്തേക്ക് ഗതാഗതം ഉറപ്പാക്കാന്‍ തൃശൂര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്ജിനീയര്ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് മാര്‍ച്ച് 13 ലേക്ക് മാറ്റിവച്ചു. എന്നാല്‍, അനുബന്ധ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് വാഹനഗതാഗത്തിന് യോഗ്യമാക്കണമെന്ന് പറഞ്ഞ കോടതി ഇനിയും പാലത്തിന്റെ അനുബന്ധ റോഡില്‍ തകരാറുകള്‍ സംഭവിച്ചാല്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഹര്ജിക്കാരന് അവകാശമുണ്ടെന്നും പറഞ്ഞു.
സംസ്ഥാന ജലസേചന വകുപ്പ് സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശൂര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തൃശൂര്‍ ഇറിഗേഷന്‍ ഡിവിഷന് എന്നിവരെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബഞ്ചാണ് ഉത്തരവിട്ടത്.
2006-ല്‍ നബാര്‍ഡിന്റെ 4.75 കോടി രൂപ കൊണ്ട് ആരംഭിച്ച നന്തിപുലം ആറ്റപ്പിള്ളി റെഗുലേറ്റര്‍ പാലം നിശ്ചിത സമയത്ത് പൂര്‍ത്തിയാകാതിരുന്നതോടെ സര്‍ക്കാര്‍ ഏഴ് കോടി രൂപകൂടി അനുവദിച്ചു. എന്നാല്‍ ഇതുവരെ പാലംപണി പൂര്‍ത്തിയായില്ല. ഈ സാഹചര്യത്തില്‍ അധികൃതരുടെ അനാസ്ഥയും കാലതാമസവും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.