പ്രതാപം വീണ്ടെടുത്ത് ശക്തൻ തന്പുരാന്റെ കൊട്ടാരം.
1496758
Monday, January 20, 2025 1:45 AM IST
സി.ജി. ജിജാസൽ
തൃശൂർ: കാത്തിരിപ്പിന്റെ രണ്ടുവർഷങ്ങൾ വെറുതെയായില്ല. തിടന്പേറ്റിയ കൊന്പന്റെ പ്രൗഢിയിൽ പൂരനഗരി. രാജകീയകാഴ്ചയുടെ ദൃശ്യവിരുന്നുമായി വീണ്ടും സജീവമാണ് ശക്തന്റെ കൊട്ടാരം. മടങ്ങിവരവിൽ കൊട്ടാരം കാണാൻ ഒഴുകിയെത്തുന്നത് അതിർത്തികൾ കടന്നും ആയിരങ്ങൾ.
പൂരനഗരിയിൽ എത്തുന്ന ഏതൊരു സഞ്ചാരിയും തേടിയെത്തുന്ന കാഴ്ചകളിൽ ആദ്യസ്ഥാനമുള്ള ഇടമാണ് പൂരത്തിന്റെ സ്രഷ്ടാവുകൂടിയായ ശക്തൻ തന്പുരാന്റെ ഈ കൊട്ടാരം. നവീകരണപ്രവർത്തങ്ങൾക്കായി അടച്ചിട്ട കൊട്ടാരം വീണ്ടും തുറന്നുനൽകിയതോടെ സഞ്ചാരികളുടെ പ്രിയ ഇടമായിക്കഴിഞ്ഞു.
മാറിവരുന്ന മ്യൂസിയം സങ്കല്പങ്ങൾക്കനുസൃതമായി ചരിത്രാതീതകാലം മുതൽ ഐക്യകേരളത്തിന്റെ രൂപീകരണഘട്ടം വരെയുള്ള പ്രദർശനവസ്തുക്കൾ ഉൾപ്പെടുത്തിയാണ് കൊട്ടാരം നവീകരണം പൂർത്തിയാക്കിയത്. തങ്കത്തിളക്കമുള്ള രാജകീയതലപ്പാവ്. കൊച്ചി രാജവംശത്തിന്റെ അംശവടികൾ, ശക്തൻ തന്പുരാന്റെ പല്ലക്ക്, പ്രാചീനപാത്രങ്ങൾ, കുതിരവണ്ടി, അംശവടി, രാജകീയചിഹ്നങ്ങൾ, ശക്തൻ തന്പുരാൻ ഉപയോഗിച്ചിരുന്ന, പ്രകൃതിദത്ത ചായങ്ങൾകൊണ്ട് അലങ്കാരപ്പണികൾ ചെയ്തതുമായ മരക്കട്ടിൽ, ഭരണപരമായ പ്രവർത്തനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പശ്ചാത്തലത്തിൽ കൊച്ചി രാജാക്കന്മാർ ഉപയോഗിച്ചിരുന്ന രാജകീയ ഇരിപ്പിടങ്ങൾ, തൃപ്പൂണിത്തറ ഹിൽപാലസിൽനിന്ന് എത്തിച്ച വാളുകൾ, മഴു, കഠാര, വിവിധ ആയുധങ്ങൾ ഉൾപ്പെടെ 14 ഗാലറികളിലായി ആയിരത്തിൽ അധികം വസ്തുക്കളും ഉൾപ്പെടുത്തി കെട്ടിലും മട്ടിലും ആ പഴയകാല കൊട്ടാരക്കാഴ്ചകൾ സന്ദർശകർക്കു മുന്നിൽ തുറന്നിട്ടിരിക്കുകയാണ്.
അധികം വൈകാതെ കൊട്ടാരത്തോടുചേർന്നു പുസ്തകശാല ഒരുക്കാനും ആലോചനയുണ്ട്. ഗവേഷണത്തിനടക്കം ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതൊരുക്കുക.
കാണാം, ഒരു
അദ്ഭുതലോകം
കേരളത്തിലെ പുരാതത്വ ഗവേഷണരംഗത്തെ പ്രമുഖനായിരുന്ന പാലിയത്ത് അനുജൻ അച്ഛൻ (1899 - 1964) കേരളത്തിൽ ഉടനീളം നടത്തിയ ഉത്ഖനനങ്ങളിലൂടെ ശേഖരിച്ചതും കേന്ദ്ര പുരാവസ്തുവകുപ്പ്, മറ്റുള്ളവർ എന്നിവരിൽനിന്നു വായ്പയായും സമ്മാനങ്ങളായും ലഭിച്ചതുമായ പുരാവസ്തുക്കളുടെ വലിയൊരു ശേഖരവും കൊട്ടാരത്തിൽ കാണാം. ഇവയിൽ ഇന്ത്യൻ പ്രാഗ് സംസ്കാരം, സിന്ധു നാഗരികത, മോഹൻ ജൊദാരോ, ഹാരപ്പ തുടങ്ങി വിവിധയിടങ്ങളിൽനിന്നും ഉത്ഖനനം ചെയ്തെടുത്ത ഭരണികൾ, മണ്പാത്രക്കഷണങ്ങൾ, കളിമണ്ശില്പങ്ങൾ, വെങ്കലശില്പങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുശേഷിപ്പുകളും ഇവിടെയുണ്ട്.
പാരന്പര്യ അടുക്കളയും
ഉപകരണങ്ങളും
കേരളത്തിന്റെ പാചകരീതികളിൽ മുഖ്യമായിരുന്ന, സന്പന്നമായ പാചകസംസ്കാരത്തെക്കൂടി അടയാളപ്പെടുത്തുന്ന അടുക്കളയും ഉപകരണങ്ങളും ഒരുക്കിയിട്ടുള്ള കൊട്ടാരത്തിൽ കല്ല്, തടി, കളിമണ്ണ്, ചെന്പ്, ഓട്, പിച്ചള, ഇരുന്പ് എന്നിവയിൽ തീർത്ത പാത്രങ്ങളും ഉപകരണങ്ങളുമാണ് പരന്പരാഗത അടുക്കളകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ വലിപ്പത്തിലുള്ള കുടങ്ങൾ, കോപ്പകൾ, തളികകൾ, ഉരുളി, ചരുവം, മൊന്ത എന്നിവയും ഉൾപ്പെടുന്നു. കൂടാതെ തിരികല്ല്, അരകല്ല്, അമ്മി, ആട്ടുകല്ല്, ഉരലും ഉലക്കയും, ചീനച്ചട്ടി, കോരിക, ഇഡലി കുട്ടകം, പുട്ടുകുറ്റി, കൊടിൽ, കൽച്ചട്ടി, മരച്ചട്ടുകം, തവി, മുളങ്കൊട്ടകൾ മുതലായവയും ഇവിടെ കാണാം.
റോയൽ ട്രഷർ ബോക്സ് (ഭണ്ഡാരപ്പെട്ടി)
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ആഡംബരപരതയും സാംസ്കാരികവൈവിധ്യവും പ്രകടമാക്കുന്ന രാജകീയ ഭണ്ഡാരപ്പെട്ടിയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഈട്ടിത്തടിയിൽ നിർമിച്ചതും ലോഹരേഖാങ്കിതവുമായ ഈ പെട്ടിക്ക് 190 സെന്റീമീറ്റർ നീളവും 107 സെന്റീമീറ്റർ വീതിയും 86 സെന്റീമീറ്റർ ഉയരവുമുണ്ട്. നാലു പൂട്ടുകളുള്ള ഇതിന്റെ നാലാമത്തെ പൂട്ട്, ആദ്യ മൂന്നു പൂട്ടുകളെ സുരക്ഷിതമാക്കുന്ന തരത്തിൽ ഒരു മുഖ്യ താക്കോൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
വീരക്കല്ലുകൾ
പോരുകളിലും കാട്ടുമൃഗങ്ങളോടുള്ള ഏറ്റുമുട്ടലിലും ദുർബലരെ സഹായിക്കുന്ന ഘട്ടങ്ങളിലും കാലിക്കൊള്ളയെ ചെറുക്കുന്പോഴും മരിക്കുന്ന വീരരെയും, ധാർമികമൂല്യങ്ങൾക്കുവേണ്ടി ആത്മാഹുതി ചെയ്യുന്ന വീരരെയും സ്മരിക്കുന്നതിനുവേണ്ടി ഉയർത്തപ്പെട്ട വീരക്കല്ലുകളുടെ ശേഖരവുമുണ്ട് കൊട്ടാരത്തിൽ. നായകന്റെ ജീവിതത്തിലോ മരണത്തിലോ ഉള്ള രംഗങ്ങൾ വിശദമായി കൊത്തിവച്ച ഇവയിൽ സൂര്യചന്ദ്രന്മാരുള്ള കാലത്തോളം വീരൻ ഓർമിക്കപ്പെടും എന്നു സൂചിപ്പിക്കുന്നതിനായി സൂര്യചന്ദ്രന്മാരുടെ പ്രതീകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ
നാണയങ്ങൾ
അറയ്ക്കൽ രാജവംശത്തിന്റെ വെള്ളിയിൽ തീർത്ത ഒന്നരരൂപയുടെ കണ്ണൂർപ്പണം, ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ വെള്ളിയിൽ തീർത്ത പുതുശേരിപ്പണം, ചെന്പിൽ തീർത്ത ടിപ്പുസുൽത്താന്റെ പൈസ, ഇൻഡോ ഡച്ച് കൊച്ചി ഒറ്റപ്പുത്തൻ, ഇരട്ടപ്പുത്തൻ, ബ്രിട്ടീഷ് ഇന്ത്യയുടെ കാൽഅണ, ഒരണ, തിരുവിതാംകൂറിന്റെ പാർവതിരൂപ തുടങ്ങിയവയും കൗതുക കാഴ്ചകളാണ്.
കുടീരവും
പൈതൃക ഉദ്യാനവും
ചുട്ടുപൊള്ളുന്ന ചൂടിലും നഗരത്തിന്റെ തിരക്കുകളിൽനിന്നു മാറി ശാന്തമായി ഇരിക്കാൻകൂടി കഴിയുന്ന ഇടംകൂടിയാണ് കൊട്ടാരത്തിലെ പൈതൃക ഉദ്യാനം. വ്യത്യസ്തമരങ്ങളും ചെടികളും ഔഷധത്തോട്ടവും സർപ്പക്കാവുമുള്ള ഈ ഉദ്യാനത്തിലാണ് ശക്തൻ തന്പുരാന്റെ ശവകുടീരമുള്ളത്. ഇതിനുപുറമെ സാമൂതിരിരാജയുടെയും കൊച്ചി രാജാവ് രാമവർമ തന്പുരാന്റെയും കുടീരങ്ങളുണ്ട്. ജലത്താൽ നിറഞ്ഞ വടക്കേച്ചിറയുടെ നയനമനോഹരക്കാഴ്ചയും ആസ്വദിക്കാൻ കഴിയുന്നവിധം ഇരിപ്പിടങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രവേശനം, ടിക്കറ്റ് നിരക്ക്രാ
വിലെ 9. 30 മുതൽ വൈകീട്ട് 4.30 വരെയാണ് സന്ദർശകർക്ക് മ്യൂസിയവും കൊട്ടാരവും കാണാൻ അവസരമുള്ളത്. തിങ്കളാഴ്ച അവധി. മുതിർന്നവർക്കു 35 രൂപയും കുട്ടികൾക്കു 10 രൂപയുമാണ് പ്രവേശനനിരക്ക്. എന്നാൽ വിദേശികളായ മുതിർന്നവർക്കു 350 രൂപയും കുട്ടികൾക്കു 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൊബൈൽ കാമറയിൽ ചിത്രം എടുക്കുന്നതിനു 10 രൂപയും സ്റ്റിൽ കാമറ, വീഡിയോ കാമറ എന്നിവയ്ക്ക് 200, ഫീച്ചർ ഫിലിം 50,000 (50,000 സെക്യൂരിറ്റി ഡെപ്പോസിറ്റ്), ടെലിഫിലിം 20,000 (20,000 സെക്യൂരിറ്റി ഡെപ്പോസിറ്റ്), പ്രഫഷണൽ ഫോട്ടോ, വീഡിയോ ഷൂട്ട് 1,500 എന്നിങ്ങനെയണ് നിരക്ക്.