പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുന്നു; വെള്ളമില്ലാതെ കൃഷി നശിക്കുന്നു
1496762
Monday, January 20, 2025 1:45 AM IST
പുതുക്കാട്: ചെങ്ങാലൂര്‍ മനയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനല്‍ ക്കാലത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കും പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിനും ആരംഭിച്ച മനയ്ക്കല്ക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ 40 വര്‍ഷം പഴക്കമുള്ള പൈപ്പുകളാണ് തുടര്‍ച്ചയായി പൊട്ടുന്നത്. വര്‍ഷങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടുന്നതു പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
മനയ്ക്കലക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമാണ് പൈപ്പ് പൊട്ടിയി രിക്കുന്നത്. ഇതോടെ ഒരു മാസമായി പമ്പിംഗ് നിര്‍ത്തിയിരിക്കുകയാണ്. ഇതുമൂലം പ്രദേശത്തെ കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. ജാതി, വാഴ അടക്കമുള്ളവ ഉണങ്ങി നശിക്കാന്‍ തുടങ്ങി. 1987 ല്‍ സ്ഥാപിച്ച 70 എം എം കോണ്‍ക്രീറ്റ് പൈപ്പുകള്‍ 20 വര്‍ഷത്തേക്ക് എന്ന വ്യവസ്ഥയിലാണ് സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ കാലപ്പഴക്കംമൂലം ഇവ പലയിടത്തും പൊട്ടുന്ന കാഴ്ചയാണ്. കഴിഞ്ഞകൊല്ലം സമാനസ്ഥിതിയുണ്ടായപ്പോള് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അടക്കം പരാതി നല്‍കിയിട്ടും പൈപ്പുകള്‍ മാറ്റാന്‍ നടപടിയുണ്ടായില്ല. പൈപ്പ് പൊട്ടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് ചെയ്യുന്നത്.
മനയ്ക്കലക്കടവില് നിന്നും കുറുമാലിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് 900 മീറ്റര്‍ ദൂരെ മാറി കുഞ്ഞൂപറമ്പിലാണ് വെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നും ചെറു ചാലുകള്‍ വഴിയും കനാല്‍ വഴിയുമാണ് ജലവിതരണം നടക്കുന്നത്. അടിക്കടി പൈപ്പ് പൊട്ടുന്നത് ജലവിതരണത്തെ ആകെ ബാധിക്കുന്നുണ്ട്. മനയ്ക്കലക്കടവ് പമ്പ് ഹൗസിലെ മൂന്നു മോട്ടോറുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പമ്പ് ഹൗസുകളില്‍ ഒന്നായ മനയ്ക്കലക്കടവ് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.