ചെപ്പാറയിലെ ടേക്ക് എ ബ്രേക്ക് നിർമാണം: കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ്
1496763
Monday, January 20, 2025 1:45 AM IST
വടക്കാഞ്ചേരി: ചെപ്പാറയിൽ ടേക്ക് എ ബ്രേക്ക് വീണ്ടും നിർമാണം ആരംഭിച്ചു. അനധികൃത നിർമാണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺ ഗ്രസ്.
നിർമാണം നടക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി നിലനിൽക്കുന്ന സ്റ്റോപ്പ് മെമ്മോ നീക്കുന്നതിന് മച്ചാട് ഡെപ്യൂട്ടി റേഞ്ചർ കൈയേറ്റക്കാർക്ക് അനുകൂലമായ രീതിയിൽ വ്യാജരേഖകൾ ഉണ്ടാക്കി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കു കൈമാറിയ കത്ത് അനധികൃതമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപി ച്ചു.
നിർമിക്കുന്ന കെട്ടിടം പൂർണമായും കരുതൽ വനഭൂമിയിലാണെന്നും വനം വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇതു സ്ഥിരീകരിച്ചതാണെന്നും വില്ലേജ് രേഖകളിൽ വനഭൂമിയാണെന്നു വ്യക്തമാക്കിയിട്ടുള്ളതാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നിർമാണം നടക്കുന്ന കെട്ടിടത്തിന് തെക്കുംകര പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചിട്ടില്ല. നിലവിൽ വനംവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വ്യാജരേഖകളുണ്ടാക്കിയാണ് ഇപ്പോൾ കെട്ടിടനിർമാണം ആരംഭിച്ചിരിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് അനീഷ് കണ്ടംമാട്ടിൽ, പി. ദുർഗാഭാസ്, അഹസൻ ഷെയ്ക്ക് തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ, സംഭവുമായി ബന്ധപ്പെട്ട് വനം പരിസ്ഥിതി മന്ത്രിക്കു നൽകിയ പരാതിയിൽ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.