നടുറോഡില്‍ കാട്ടുപന്നികളുടെ വിഹാരം; നാട്ടുകാരെ ഭീതിയിലാഴ്ത്തി അരമണിക്കൂര്‍
1483917
Monday, December 2, 2024 9:39 AM IST
പഴയന്നൂർ: ചേലക്കര പെരുന്നാളിനു തിരക്കുള്ള റോഡില്‍ പെട്ടെന്ന് കാട്ടുപന്നികള്‍ റോഡ് മുറിച്ച് കടക്കാനായി ശ്രമിച്ചതു നാട്ടുകാരെയാകെ ഭീതിലാഴ്ത്തി. റോഡിലൂടെ ഓടിപ്പായുകയായിരുന്ന പത്തോളം കാട്ടുപന്നികളില്‍ രണ്ടെണ്ണം കൂട്ടം തെറ്റി ഓടിയതാണ് ചേലക്കരയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂട്ടംതെറ്റിയ കാട്ടുപന്നിയില്‍ ഒന്ന് ബസിലിടിച്ച് റോഡില്‍ വീണു. അല്പസമയം കഴിഞ്ഞാണ് ഓടിപ്പോയത്.
മറ്റൊന്ന് ബൈക്കിടിച്ച് വീഴ്ത്തി, ബൈക്കിലുണ്ടായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പിന്നീട് റോഡിലൂടെ ഓടിപ്പോവുകയുമായിരുന്നു. പരിക്കേറ്റവരെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്താമ്പുള്ളി സ്വദേശികളായ സഹോദരങ്ങളായ ശരത്ത് (19), ശബരി (22) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ബസിലും ബൈക്കിലുമായി ഇടിച്ചും നാട്ടുകാരുടെ ഇടയിലൂടെ ഓടിപ്പാഞ്ഞുമാണ് കാട്ടുപന്നികള്‍ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത്.