മുരിങ്ങൂർ മുതൽ പൊങ്ങംവരെ സർവീസ് റോഡ് : കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച ഉടനെന്ന് എംപി
1483625
Sunday, December 1, 2024 7:03 AM IST
കൊരട്ടി: മുരിങ്ങൂർ മുതൽ പൊങ്ങംവരെ ദേശീയപാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡ് വേണമെന്ന കൊരട്ടിയിലെ മർച്ചന്റ്സ് അസോസിയേഷൻ അടക്കമുള്ളവരുടെ ഏറെക്കാലത്തെ മുറവിളിക്ക് പരിഹാരസാധ്യത തെളിയുന്നു. ലോക്സഭയുടെ ശൈത്യകാലസമ്മേളനത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച തലസ്ഥാനത്തെത്തുന്ന ബെന്നി ബഹനാൻ എംപി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.
മൂന്നു സ്പാനുകളിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന പാലത്തിനുപകരം കൊരട്ടിയുടെ പശ്ചാത്തല സൗകര്യങ്ങളും വികസനസാധ്യതകളും മുൻനിർത്തി തൂണുകളിലുയർത്തിയ പൂർണമായ മേൽപ്പാലത്തിനായി സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണജോലികളിലെ അപാകതകളും ജനങ്ങളുടെ ആശങ്കകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊരട്ടി സെന്ററിൽ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത അധികൃതരുടെ കൈവശമുള്ള രേഖകളിൽ പ്രദേശത്ത് ചില കൈയേറ്റങ്ങൾ ഉള്ളതായി അറിയിച്ചിട്ടുണ്ട്. കൂടാതെ വാട്ടർ അഥോറിറ്റിയുടെയും കെഎസ്ഇബിയുടെയും ലൈനുകൾ കടന്നുപോകുന്നുണ്ടെന്നും ഇതുമാറ്റി സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് എൻഎച്ച്എഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി പറഞ്ഞു.
ഈ രണ്ടു കാര്യങ്ങളിൽ നടപടിയാകുന്ന മുറയ്ക്ക് സർവീസ് റോഡ് നിർമാണത്തിനുള്ള സന്നദ്ധത ഹൈവേ അഥോറിറ്റി അറിയിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി. നിർമാണജോലികളിലെ അനാവശ്യ കാലതാമസങ്ങൾ ഒഴിവാക്കണമെന്നും ദേശീയപാതയുടെ ഇരുഭാഗങ്ങളിലുള്ള കച്ചവടസ്ഥാപനങ്ങൾ മാസങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസോസിയേഷേൻ പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു മുഖ്യാതിഥിയായി. കൊരട്ടി ഫൊറോന പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ വർഗീസ് തച്ചുപറമ്പൻ, കെ.ആർ. സുമേഷ്, വർഗീസ് പയ്യപ്പിള്ളി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സജീവ് പള്ളത്ത്, പി.ബി. രാജു, സിബി വട്ട്ലായി, അബ്ദുൾ റഹിമാൻ, ടി.വി. രാമകൃഷ്ണൻ, എം.കെ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനം മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽസെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ഭാരവാഹികളായ പി.വി. ഫ്രാൻസിസ്, വി.പി. ജോർജ്, വർഗീസ് പൈനാടത്ത്, എം.ഡി. പോൾ, ടി.ഒ. ഡേവിസ്, സി.എസ്. ജയേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.