ടൂറിസം ഭൂപടത്തിലേക്ക് പുല്ലൂര്‍ പൊതുമ്പുചിറയും
1483898
Monday, December 2, 2024 9:29 AM IST
ഇരിങ്ങാലക്കുട: ടൂറിസം ഹബ്ബാകാന്‍ ഒരുങ്ങുകയാണ് മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് പുല്ലൂര്‍ പൊതുമ്പുചിറ ടൂറിസം ഹബ്ബ് ആകാനുള്ളതിനുള്ള പദ്ധതിക്ക് പച്ചകൊടിയായി.
മറ്റത്തൂര്‍ ലേബര്‍ കോണ്ട്രേക്റ്റ് സൊസൈറ്റി നടത്തിയ വിശദ്ധപഠനത്തിന് ശേഷം സമര്‍പ്പിച്ച ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹാപ്പിനസ് പാര്‍ക്ക്, ലൈറ്റിംഗ്, കനോപീസ്, കാമറ, ടൈലിംഗ്, ടേക്ക് എ ബ്രെക്ക്, സെല്‍ഫി പോയന്റ്, വാക്വേ എന്നിവയും രണ്ടാം ഘട്ടത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൗണ്ടയിന്, ഐസ്ക്രീം കോര്‍ണര്‍, എന്നിവയും മൂന്നാംഘട്ടത്തില്‍ ബോട്ടിംഗ്, ഓപ്പണ്‍ ജിം എന്നിവയും നടപ്പിലാക്കപ്പെടും.
ടൂറിസം വകുപ്പ് ഫണ്ട്, ഡോ. ആര്. ബിന്ദുവിന്റെ എംഎല്‍എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതിക്കാവശ്യമായ തുക വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യ എന്‍ജിനീയറിംഗ് കോളജിന്റെ നേതൃത്വത്തില്‍ സോയില്‍ ടെസ്റ്റ് നടത്തി സ്ട്രക്ച്ചറല്‍ ഡിസൈന്‍ തയാറാക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ടേക്ക് എ ബ്രേക്കിന്റെ പ്രവര്‍ത്തനവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
നവംബര്‍ മാസത്തില്‍ ചിറയുടെ പരിസര പ്രദേശങ്ങള്‍ മാലിന്യവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും കളക്ടറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
പൊതുമ്പുചിറ ടൂറിസം പദ്ധതിയുടെ ഔപചാരികമായ നിര്‍മാണ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് നടക്കുമെന്നും ആദ്യഘട്ട നിര്‍മാണം ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും മുരിയാട് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.