കെഎസ്ആർടിസി ശുചീകരണം: ഒന്നാംഘട്ടത്തിനു തുടക്കം
1483907
Monday, December 2, 2024 9:29 AM IST
തൃശൂർ: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ ഏഴ് ഡിപ്പോകളും ഹരിത കെഎസ്ആർടിസി ആക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. ബസുകളിലും ഡിപ്പോകളിലും ശുചിത്വം നിലനിർത്തുന്നതും, സൗന്ദര്യവൽക്കരണം നടപ്പാക്കി യാത്രക്കാർക്ക് ആരോഗ്യകരമായ യാത്രാസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടാണ് കാന്പയിൻ.
തൃശൂർ സ്റ്റാൻഡ് പരിസരത്തു ശുചീകരണത്തിന്റെ ഉദ്ഘാടനം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ നിർവഹിച്ചു. സ്റ്റാൻഡും പരിസരവും കോർപറേഷൻ തൊഴിലാളികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും സഹകരണത്തോടെ ശുചിയാക്കി. സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് സ്ഥാപിക്കാനുള്ള നടപടികൾ കോർപറേഷൻ സ്വീകരിച്ചുവരുന്നു.
ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സണ് മേരിക്കുട്ടി ജോയി ഇരിങ്ങാലക്കുട ഡിപ്പോ ശുചീകരണം ഉദ്ഘാടനംചെയ്തു. പൊയ്യയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസും ഉദ്ഘാടനം ചെയ്തു. പുതുക്കാട്, ചാലക്കുടി ഡിപ്പോകൾ വരുംദിവസങ്ങളിൽ ശുചീകരിക്കാനും തീരുമാനിച്ചു.