മരിച്ചനിലയിൽ കണ്ടെത്തിയ വയോധികയുടെ വീട്ടിൽനിന്നു മോഷണം; പേരക്കുട്ടി അറസ്റ്റിൽ
1483617
Sunday, December 1, 2024 7:03 AM IST
അന്തിക്കാട്: കാണാതായശേഷം തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവളകൾ കവർന്ന പേരക്കുട്ടി അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി യദുകൃഷ്ണനെ(24)യാണ് അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തത്. മരിച്ച ഓമനയുടെ മകന്റെ മകനാണ് യദുകൃഷ്ണൻ.
കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് പുത്തൻപീടിക ചുമ്മാർറോഡ് പുളിപ്പറമ്പിൻ ഓമനയെ വീട്ടിൽനിന്നു കാണാതായത്. വൈകീട്ട് നാലരവരെ വീടിനു പരിസരത്തുകണ്ടതായി സമീപവാസികൾ പറഞ്ഞു. രണ്ടുദിവസം പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മൂന്നാംദിവസം വൈകീട്ടോടെ പെരിങ്ങോട്ടുകര സ്കൂളിനു പടിഞ്ഞാറുഭാഗത്തു കലുങ്കിനടിയിലെ തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്നാൽ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഇല്ലാതിരുന്നതു സംശയത്തിനിടയാക്കിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്നായിരുന്നു രേഖപ്പെടുത്തിയത്. പരാതി ഉയർന്നതിനെത്തുടർന്ന് റൂറൽ എസ്പി നവനീത് ശർമ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിനെ ഏല്പിച്ചിരുന്നു.
തുടർന്നുനടത്തിയ അന്വേഷണത്തിൽ യദുകൃഷ്ണൻ ഓമനയുടെ വളകൾ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യംചെയ്യലിൽ ഓമനയുടെ മരണത്തെതുടർന്നുള്ള ദിവസങ്ങളിൽ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നുവെന്നു വ്യക്തമായി. അലമാരയിലെ പേഴ്സിൽ കണ്ട രണ്ടു സ്വർണവളകൾ മോഷ്ടിക്കുകയായിരുന്നുവെന്നും തന്റെ സാമ്പത്തികബാധ്യതകൾ തീർക്കാൻ പണയംവയ്ക്കുകയായിരുന്നെന്നും പ്രതി പോലീസിനു മൊഴിനൽകി.
അന്വേഷണത്തോടു പൂർണമായും സഹകരിക്കാത്തതിനെതുടർന്ന് യദുകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തും.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, അന്തിക്കാട് പ്രിൻസിപ്പൽ എസ്ഐ കെ. അജിത്ത്, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ എസ്ഐ കെ.കെ. പ്രസാദ്, എം. സുമൽ, എം. അരുൺകുമാർ, സീനിയർ സിപിഒ ഇ.എസ്. ജീവൻ, സിപിഒ കെ.എസ്. ഉമേഷ്, എം.എം. മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.