കേരളത്തിലെ പക്ഷിവൈവിധ്യത്തിലേക്ക് ആഫ്രിക്കൻ വിരുന്നുകാരൻ
1483908
Monday, December 2, 2024 9:39 AM IST
തൃശൂർ: കേരളത്തിലെ പക്ഷിവൈവിധ്യത്തിലേക്ക് ആഫ്രിക്കയിൽനിന്നുള്ള വിരുന്നുകാരനെ കൂട്ടിച്ചേർത്ത് തൃശൂർ സ്വദേശി. ആഫ്രിക്കൻ ചേരാക്കൊക്കനെയാണ് (ആഫ്രിക്കൻ ഓപ്പണ്‍ബിൽ) കാഞ്ഞാണി കോൾപ്പാടത്തുനിന്ന് കെ.എസ്. സുബിൻ കണ്ടെത്തിയത്.
മുന്‍പ് ഗോവയിൽ കണ്ടെത്തിയെന്ന് ഇ-ബേഡ് ഡാറ്റാബേസിൽ രേഖപ്പെടുത്തിയെങ്കിലും വേണ്ടത്ര പഠനങ്ങളില്ലാത്തതിനാൽ ഇന്ത്യയിലെ പക്ഷികളിലേക്കു കൂട്ടിച്ചേർത്തില്ല. ഇപ്പോൾ സൗത്ത് ഏഷ്യൻ ഓർണിത്തോളജി ജേണലായ ഇന്ത്യൻ ബേഡ്സിന്റെ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിനൊപ്പം ഇന്ത്യയിലെ പക്ഷികളിലേക്കു ചേർത്തു. ഇതോടെ കേരളത്തിലെ പക്ഷിവൈവിധ്യം 558 ആയി. പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സുബിൻ കഴിഞ്ഞ 19ന് കാഞ്ഞാണി കോൾപ്പാടത്തു നിരീക്ഷണ സർവേയുടെ ഭാഗമായാണു പക്ഷിയുടെ ചിത്രം പകർത്തിയത്. പരിസ്ഥിതിസംഘടനയായ കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന നിരവധി ജൈവവൈവിധ്യ പഠന-ഗവേഷണ- സിറ്റിസണ്‍ സയൻസ് പരിപാടികളുകളുടെ കോ-ഓർഡിനേറ്റർ കൂടിയാണ് സുബിൻ.
ആഫ്രിക്കയിലെ തദ്ദേശവാസികളായ ചേരാകൊക്കൻമാർ അപൂർവമായാണ് ഇത്രയധികം ദൂരം ദേശാടനം നടത്തുന്നത്. നമ്മുടെ നാട്ടിലെ ഏഷ്യൻ ഓപ്പണ്ബില്ലിന്റെ മറ്റൊരു വിഭാഗമാണ് ആഫ്രിക്കൻ ഓപ്പണ്‍ബിൽ. ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ ഒമാനിലും, സൗദി അറേബ്യയിലും മാത്രമാണ് മുൻപ് രേഖപ്പെടുത്തിയത്.