മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിലെ സ്പൗട്ടുകള്‍ നാശോന്മുഖം, അറ്റകുറ്റപ്പണി വൈകുന്നു
1483327
Saturday, November 30, 2024 6:22 AM IST
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ജലസേചന കനാലിലെ കേടുവന്ന സ്പൗട്ടുകള്‍ അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കണമമെന്ന് ആവശ്യമുയരുന്നു. കനാലില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്നുവിടാനായി നിര്‍മിച്ചിട്ടുള്ള സ്പൗട്ടുകള്‍ മിക്കതും വര്‍ഷങ്ങളായി തകരാറിലാണ്.
ചാലക്കുടി ജലസേചന പദ്ധതിക്കുകീഴിലെ വലതുകര മെയിന്‍കനാലിന്റെ ശാഖയാണ് മറ്റത്തൂര്‍ കനാല്‍. കോടശേരി പഞ്ചായത്തിലെ മാരാങ്കോട് നിന്നാരംഭിച്ച് മറ്റത്തൂര്‍ പഞ്ചായത്തൂര്, പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ചോങ്കുളത്തിലാണ് ഈ കനാല്‍ അവസാനിക്കുന്നത്.
മറ്റത്തൂര്‍ പഞ്ചായത്തിലൂടെ മാത്രം 18 കീലോമീറ്ററോളം ഒഴുകുന്ന കനാലിനെ ആശ്രയിച്ചാണ് മേഖലയില്‍ കൃഷിചെയ്യുന്നത്. കനാലില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളം ഒഴുക്കുന്നതിനായി ഇടക്കിടെ സ്പൗട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ചെറിയ ഷട്ടര്‍ സംവിധാനത്തോടു കൂടിയുള്ളതാണ് സ്പൗട്ടുകള്‍.
കനാലില്‍ നിന്നുള്ള വെള്ളം സ്പൗട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയാണ് തോടുകള്‍ വഴി കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നത്. എന്നാല്‍ ഒട്ടുമിക്ക സ്പൗട്ടുകളും വര്‍ഷങ്ങളായി തകരാറിലാണ്.
ഷട്ടറുകള്‍ തുരുമ്പെടുത്തും വശങ്ങളിലെ കരിങ്കല്‍ക്കെട്ട് ഇളകിയും സ്പൗട്ടുകള്‍ നാശോന്മുഖമായതോടെ പലയിടത്തും കനാല്‍ വെള്ളം അനിയന്ത്രിതമായി കൃഷിയിടങ്ങലിലേക്കും തോടുകളിലേക്കും ഒഴുകുകയാണ്. ചില സ്പൗട്ടുകളില് തുരുമ്പെടുത്ത ഷട്ടര്‍ ഉയര്ത്താനാവാത്തതും കര്‍ഷകരെ വലയ്ക്കുന്നു. ചിലയിടങ്ങളില്‍ ഷട്ടര്‍ പൂര്‍ണമായി തുരുമ്പെടുത്തു നശിച്ചുപോയതിനാല്‍ സദാസമയവും വെള്ളം ഒഴുകി പാഴായി പോകുന്ന സ്ഥിതിയുമുണ്ട്.
ഇങ്ങനെ വെള്ളം പാഴാകുന്നതുമൂലം കനാലിന്റെ വാലറ്റത്തേക്ക് ശരിയായ തോതില്‍ വെള്ളം എത്താത്തതിനും കാരണമാകുന്നുണ്ട്. സ്പൗട്ടുകള്‍ അറ്റകുറ്റപണി നടത്തി കനാല്‍വെള്ളം കര്‍ഷകര്‍ക്ക് കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള സംവിധാനം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.